മലയോര ഹൈവേ കേരളത്തിന്റെ 
മുഖച്ഛായ മാറ്റും: മന്ത്രി മുഹമ്മദ് റിയാസ്

മുതലമട റെയിൽവേ സ്റ്റേഷൻ റോഡ്, ആലാംക്കടവ്–പാറക്കൽ റോഡ് എന്നിവയുടെ നവീകരണം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി കെ കൃഷ്ണൻകുട്ടി സമീപം


പാലക്കാട്‌ ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ ഉടൻ യാഥാർഥ്യമാകുമെന്നും അത്‌ കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്നും മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. ജില്ലയിലെ വിവിധ റോഡുകൾ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി.  മലയോരപാതയുടെ ഡിപിആർ തയ്യാറായി. മുഴുവൻ ജില്ലകളിലും പര്യടനം നടത്തി തദ്ദേശീയ റോഡുകളുടെ പ്രശ്നങ്ങൾ പഠിച്ച്‌ അതിവേഗം പരിഹാരം ഉണ്ടാക്കുകയാണ്‌. കാസർകോട്‌ മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാതയുടെ 45 മീറ്റർ വികസനം 2025-ഓടെ പൂർത്തീകരിക്കാനാകും. 2025 അവസാനിക്കുമ്പോഴേക്കും സംസ്ഥാനത്തെ 50 ശതമാനം പൊതുമരാമത്ത് റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കും. പൊതുമരാമത്തിന്‌ കീഴിലുള്ള 30,000 കിലോമീറ്റർ റോഡും ബിഎം ആൻഡ് ബിസി ആക്കണമെന്നാണ് ആഗ്രഹം. ഇത്‌ യാഥാർഥ്യമാക്കാൻ ധനവകുപ്പുമായി ചർച്ച തുടരുന്നു. കേരളത്തിലെ ഉൾപ്രദേശങ്ങളിലെ റോഡുകൾ പോലും ടാറിങ് പൂർത്തിയാക്കി. 2.95 ലക്ഷം കിലോമീറ്റർ റോഡാണ് ടാറിങ് പൂർത്തിയാക്കിയത്. ബാക്കി നല്ലൊരു ശതമാനം തദ്ദേശസ്വയംഭരണം, ഫിഷറീസ്, ദേശീയപാത, മറ്റു വകുപ്പുകളുടെ കീഴിലുള്ളതാണ്‌. റോഡ് നവീകരണത്തിന് ഓരോ വകുപ്പും ഇടപെടണം. പാലക്കാട് നഗരവുമായി ബന്ധപ്പെട്ട റോഡുകളുടെ അപാകം പരിശോധിക്കുകയാണെന്നും ജില്ലയുടെ വികസന കാര്യത്തിൽ രാഷ്ട്രീയ ഭേദമെന്യേ നിലപാടുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജലജീവൻ മിഷൻ പൊളിച്ച ജില്ലയിലെ വിവിധ പിഡബ്ല്യുഡി റോഡുകളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ജലസേചന മന്ത്രിയുമായി ചർച്ച നടക്കുന്നു. ജില്ലയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ,  ജനപ്രതിനിധികൾ, രാഷ്ട്രീയപാർടികൾ എന്നിവരെ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ചർച്ച നടത്തുമെന്നും മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. Read on deshabhimani.com

Related News