കുലച്ച 5,000 നേന്ത്രവാഴകൾ 
കാട്ടാനക്കൂട്ടം നശിപ്പിച്ചു

വെള്ളാരംകോട് പാടത്ത് കാട്ടാന നശിപ്പിച്ച വാഴക്കൃഷി


മണ്ണാർക്കാട് തിരുവിഴാംകുന്നിൽ വ്യാഴാഴ്‌ച ഒറ്റരാത്രിയിൽ കാട്ടാനക്കൂട്ടം നശിപ്പിച്ചത് 5,000 കുലച്ച നേന്ത്രവാഴകൾ. കർഷകർക്ക്‌ 30 ലക്ഷംരൂപയുടെ നഷ്ടമാണുണ്ടായത്‌. ഓണവിപണി ലക്ഷ്യമിട്ട്‌ വാഴക്കൃഷിയിറക്കിയ 20 കർഷകരുടെ വാഴത്തോട്ടമാണ്‌ നിലംപൊത്തിയത്‌. നാലീരിക്കുന്ന് ക്ഷേത്രത്തിനുസമീപം വെള്ളാരംകോട് പാടത്തുള്ള വാഴക്കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. വനാതിർത്തിവിട്ട് കിലോമീറ്ററുകൾ മാറിയാണ് പാടശേഖരം.  നാലീരിക്കുന്ന് വളപ്പിൽ അലവി, ചൊവ്വേരി വിശ്വൻ, മാട്ടായി രാമകൃഷ്ണൻ, തോണിപ്പാടത്ത് വേശ, അച്ചിപ്ര അലവി, പാലയ്‌ക്കൽ ഹംസ, നെടുവഞ്ചേരി രാജു, അമ്പാടി സുന്ദരൻ, പാലാട്ടുതൊടി രാമകൃഷ്ണൻ, കുണ്ടുപള്ളിയാലിൽ രാധാകൃഷ്ണൻ, കൊന്നാടൻ മുഹമ്മദാലി, വട്ടത്തൊടി കുഞ്ഞിക്കോയ, ചാലിയൻ ഷംസു, പുള്ളിയക്കോട് അമ്മിണി പുളിയക്കോട്, ഉണ്ണിക്കുട്ടൻ പുളിയക്കോട്, ഖാദർ പുളിയക്കോട്, മുള്ളത്ത് ബഷീർ എന്നിവരുടെ വാഴക്കൃഷിയാണ്‌ നശിച്ചത്. കൂടാതെ നിരവധി കർഷകരുടെ കാവുങ്ങും തെങ്ങുകളുമെല്ലാം കാട്ടാനകൾ നശിപ്പിച്ചിട്ടുണ്ട്.  പാട്ടഭൂമിയിൽ വായ്‌പയെടുത്തും സ്വർണം പണയംവച്ചുമാണ് മിക്ക കർഷകരും കൃഷിയിറക്കിയത്‌.  കഴിഞ്ഞ വർഷങ്ങളിലും കാട്ടാനകൾ വാഴ ക്കൃഷി നശിപ്പിച്ചിരുന്നു. ഈ വർഷവും കാട്ടാനക്കൂട്ടം അതു തുടർന്നു. അന്നത്തെ സംഭവശേഷം രണ്ടും മൂന്നും വർഷം കഴിഞ്ഞിട്ടും ഇതേവരെ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കർഷകർ പറയുന്നു. Read on deshabhimani.com

Related News