വിദഗ്‌ധ സംഘം അന്വേഷിക്കണം: എ കെ ബാലൻ

ഐശ്വര്യയുടെ ഭർത്താവ്‌ രഞ്‌ജിത്‌, ഭർതൃപിതാവ്‌ മോഹനൻ എന്നിവരുമായി തത്തമംഗലത്തെ വീട്ടിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ വിവരങ്ങൾ ചോദിക്കുന്നു. സമീപം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു


പാലക്കാട്‌ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം വിദഗ്‌ധസംഘം അന്വേഷിക്കണമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ പറഞ്ഞു.  ഐശ്വര്യയുടെ തത്തമംഗലത്തെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു ബാലൻ. കുഞ്ഞും അമ്മയും മരിക്കാനിടയായ സംഭവം വേദനാജനകമാണ്‌. ഇത്തരം സംഭവം അന്വേഷിക്കാൻ ഡോക്ടർമാരടങ്ങിയ വിദഗ്‌ധ സംഘത്തെ നിയോഗിക്കണമെന്ന്‌ സർക്കാർ ഉത്തരവുണ്ട്‌. അന്വേഷണ റിപ്പോർട്ട്‌ വരും മുമ്പ്‌ അനാവശ്യ അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കണം.  ആശുപത്രികളിൽ യോഗ്യരായ ഡോക്ടർ, നഴ്‌സ്‌, പാര മെഡിക്കൽ സ്‌റ്റാഫ്‌ എന്നിവയുണ്ടോയെന്ന്‌ പരിശോധിക്കണം. നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികളുണ്ട്‌. അതേസമയം, ചൂഷണം മാത്രം നടത്തുന്നവയുമുണ്ട്‌. ജില്ലാ ആശുപത്രികളിലെ മികച്ച സൗകര്യത്തെകുറിച്ച്‌ ബോധവൽക്കരിക്കണം.  തങ്കം ആശുപത്രിയുടെ ഭാഗത്തുനിന്ന്‌ വീഴ്‌ചവന്നുവെന്നാണ്‌ ഐശ്വര്യയുടെ ഭർത്താവ്‌  രഞ്ജിത്തിന്റെ പരാതി.  തെറ്റ്‌ ആരുടെ ഭാഗത്തുനിന്നുണ്ടായാലും കർശന നടപടി സ്വീകരിക്കണം–- ബാലൻ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബുവും ഒപ്പമുണ്ടായി. Read on deshabhimani.com

Related News