കേരളീയ ആയുർവേദ സമാജത്തിലേക്ക്‌ സിപിഐ എം മാർച്ച്

കേരളീയ അയുർവേദ സമാജത്തിലേക്ക് സിപിഐ എം നടത്തിയ ബഹുജന മാർച്ച് ജില്ലാ സെക്രട്ടറി 
ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു


  ഷൊർണൂർ കേരളീയ ആയുർവേദ  സമാജം വിൽപ്പനക്കെതിരെ സിപിഐ എം നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി. കേരളീയ ആയുർവേദ സമാജത്തിലേക്ക് നടത്തിയ മാർച്ച്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.  ഏരിയ കമ്മിറ്റി അംഗം എം കെ ജയപ്രകാശ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ്, ജില്ലാ കമ്മിറ്റി അംഗം എം ആർ മുരളി എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എൻ ഡി ദിൻഷാദ് സ്വാഗതവും ഏരിയ കമ്മിറ്റി അംഗം എം സുരേന്ദ്രൻ നന്ദിയും പറഞ്ഞു.   കേരളീയ ആയുർവേദ സമാജം വിൽക്കാതിരിക്കുക, ഭരണ സമിതിയുടെ അഴിമതി വിജിലൻസ് അന്വേഷിക്കുക, സമാജം ഹോസ്പിറ്റൽ സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.   സമാജത്തെ ശൃംഗേരി മഠത്തിന് വിൽക്കാനാണ്‌  കോൺഗ്രസ് നേതൃത്വത്തിലുള്ള  ഭരണസമിതി നീക്കം. കേരളത്തിലെ ആയുർവേദ സ്ഥാപനങ്ങളിൽ പ്രമുഖ സ്ഥാനമാണ് ഷൊർണൂർ കേരളീയ ആയുർവേദ സമാജത്തിനുള്ളത്. 1913 ൽ  പ്രതിഭാധനരായ മഹത്‌ വ്യക്തികളാണ് സമാജം സ്ഥാപിച്ചത്. കേരളത്തിനു പുറത്ത് ചെന്നൈ, ആൻഡമാൻ എന്നിവിടങ്ങളിലായി സ്ഥാപനത്തിന് ബ്രാഞ്ചുണ്ട്. എട്ട്‌ ഏക്കറോളം സ്ഥലത്ത് ഔഷധ നിർമാണ ശാലകൾ, പരിശോധന കോട്ടേജുകൾ, ആശുപത്രി ഉൾപ്പെടെ കോടികളുടെ ആസ്തിയുണ്ട്.   കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം കടക്കെണിയിലായ സ്ഥാപനത്തെയാണ്‌ വിൽക്കാൻ ശ്രമിക്കുന്നത്‌.  നൂറ്റാണ്ടുകൾ പഴക്കമുള്ള ഷൊർണൂരിന്റെ ആയുർവേദ പരമ്പര്യത്തെ മതശക്തികൾക്ക് അടിയറ വയ്‌ക്കാനുള്ള കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതിയുടെ നീക്കത്തെ ചെറുത്തു തോൽപ്പിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. Read on deshabhimani.com

Related News