പുതുക്കുളത്തിന്റെ 
അതിജീവന കഥ



വടക്കഞ്ചേരി പരിസ്ഥിതി ദിനത്തിൽ അതിജീവനത്തിന്റെ കഥയാണ് വടക്കഞ്ചേരി പുതുക്കുളത്തിന് പറയാനുള്ളത്. വടക്കഞ്ചേരി ടൗണിനടുത്ത പുതുക്കുളം പഞ്ചായത്തിലെ ഏറ്റവും വലിയ കുളങ്ങളിലൊന്നാണ്. അവ സംരക്ഷിച്ച് കുളത്തിന് ചുറ്റും ജൈവ വൈവിധ്യ ഉദ്യാനമൊരുക്കുന്ന ദൗത്യം മൂന്നുവർഷം മുമ്പ് പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കി.  മൂന്നേക്കർ വരുന്ന കുളത്തിന് ചുറ്റും മുളത്തൈകൾ നട്ടു. ഇപ്പോൾ അവ വളർന്ന്‌ മുളങ്കാടായി ഉദ്യാനത്തിന്റെ പ്രതീതി പകരുന്നു. മുളങ്കാട്ടിനിടയിലൂടെ നടപ്പാതയും പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. സായാഹ്ന വിശ്രമകേന്ദ്രമെന്ന നിലയിലാണ്‌ പദ്ധതി നടപ്പാക്കിയതെങ്കിലും ഇപ്പോൾ പകലും ഇവിടം തണൽ വിരിക്കുന്നു. അഞ്ച് വർഷം മുമ്പ് ചണ്ടിയും പായലും മൂടി ഉപയോഗശൂന്യമായി കിടന്ന കുളമാണിത്‌.  എ കെ ബാലൻ എംഎൽഎയായിരിക്കെ 50 ലക്ഷം രൂപ വകയിരുത്തിയാണ് കുളം നവീകരിച്ചത്. പടവുകൾ കൂടി നിർമിച്ചതോടെ നൂറ് കണക്കിന് ആളുകളാണ് കുളിക്കാനും മറ്റുമായി എത്തുന്നത്. ദേശീയപാതയ്‌ക്ക് സമീപത്തായതിനാൽ  യാത്രക്കാരും ഇവിടെ എത്താറുണ്ട്. കടുത്ത വേനലിലും വെള്ളം സുലഭമാണ്‌.  വടക്കഞ്ചേരി പഞ്ചായത്ത് പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ജൈവ വൈവിധ്യ ഉദ്യാനവും നിർമിച്ചതോടെയാണ്‌ കുളക്കര വിശ്രമകേന്ദ്രമായത്‌.  എല്ലാ വർഷവും പഞ്ചായത്ത് കുളത്തിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനാൽ മീൻ പിടിക്കാനും ആളുകളെത്തുന്നു. തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തി ഇപ്പോഴും ഇവ പരിപാലിക്കുന്നുണ്ട്‌. നശിച്ച് പോകുമെന്ന് കരുതിയകുളം നവീകരിച്ച്‌ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയതോടെ പുതുക്കുളം ചരിത്രത്തിൽ ഇടം പിടിച്ചു. Read on deshabhimani.com

Related News