17 പച്ചത്തുരുത്തുകൾ സൃഷ്ടിക്കും



പാലക്കാട്‌ സ്വാഭാവിക വനങ്ങൾ സൃഷ്ടിച്ച്‌ പരിസ്ഥിതി സംരക്ഷിക്കാൻ ലക്ഷ്യമിട്ട് പരിസ്ഥിതിദിനത്തിൽ ജില്ലയിൽ 17 പച്ചത്തുരുത്ത്‌ സൃഷ്ടിക്കും. നവകേരളം കർമപദ്ധതിയിൽ ജില്ലയിലെ 13 പഞ്ചായത്തുകളിലാണ്‌ പദ്ധതി നടപ്പാക്കുക. വൈവിധ്യമാർന്ന ചെടികളും വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ച്‌ പരിപാലിച്ച്‌ ഹരിതസമൃദ്ധിയിലേക്ക്‌ നാടിനെ നയിക്കുകയാണ്‌ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഒരുലക്ഷം തെങ്ങിൻതൈകൾ നടൽ തൃത്താലയിൽ മന്ത്രി എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. തൊഴിലുറപ്പുമായി ചേർന്നാണ്‌ ചെടികളും വൃക്ഷത്തെകളും നട്ടുപിടിപ്പിച്ച്‌ പരിപാലിക്കുന്നത്‌. വനംവകുപ്പ്‌, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണവുമുണ്ടാകും. തെങ്ങിനുപുറമേ മാവ്‌, പ്ലാവ്‌, മുള, നിരമരുത്‌ തുടങ്ങി വിവിധതരം വൃക്ഷച്ചെടികൾ വളർത്തി സ്വാഭാവിക വനം സൃഷ്ടിക്കും.  തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്‌ സ്ഥലങ്ങൾ കണ്ടെത്തിയത്‌. ആഗോളതാപനത്തിന്റെ ഭാഗമായി ചൂട്‌ ഉയരുന്ന സാഹചര്യത്തിൽ പച്ചത്തുരുത്തുകൾ രൂപപ്പെടുന്ന സ്ഥലത്തെ അന്തരീക്ഷ താപനില നിയന്ത്രിക്കാൻ സഹായമാകും. ഒപ്പം പക്ഷികളും ഷഡ്‌പദങ്ങളും ഉൾപ്പെടെ നിരവധി ജിവികൾക്ക്‌ ജീവിക്കാനുള്ള സാഹചര്യവും സൃഷ്ടിക്കും. തദ്ദേശ സ്ഥാപനങ്ങളുടെയോ സന്നദ്ധ സംഘടനകളുടെയോ പൊതുസ്ഥാപനങ്ങളുടെയോ വകുപ്പുകളുടെയോ വ്യക്തികളുടെയോ നേതൃത്വത്തിൽ സ്ഥലങ്ങൾ കണ്ടെത്തി പച്ചത്തുരുത്ത് സൃഷ്ടിക്കാം. എത്ര കുറഞ്ഞ സ്ഥലത്തുവേണമെങ്കിലും സാധ്യമാകും. Read on deshabhimani.com

Related News