ഉടൻ 65,000 രൂപ നഷ്ടപരിഹാരം നൽകി

ധോണിയിൽ കാട്ടാനക്കൂട്ടം അക്രമിച്ചുകൊന്ന പശുവിനെ ബുൾഡോസറിൽ കയറ്റി പയറ്റാംകുന്നിൽ വന്യജീവി പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നു


  പാലക്കാട്  ധോണിയിൽ കാട്ടാനക്കൂട്ടം പശുവിനെ അക്രമിച്ചുകൊന്നു. കരുമത്തംപൊറ്റ കുഞ്ഞമ്മ തോമസിന്റെ മൂന്നരവയസുള്ള പശുവിനെയാണ് കുത്തിയെടുത്ത് എറിഞ്ഞുകൊന്നത്. ആന്തരികാവയങ്ങൾ പുറത്തുവന്ന നിലയിലാണ്. ശനി പുലർച്ചെ ഒന്നരയോടെയാണ് കൊമ്പൻ, പിടിയാന, ഒരു കുട്ടിയാന അടങ്ങുന്ന സംഘം ജനവാസമേഖലയിൽ ഇറങ്ങിയത്.  കുഞ്ഞമ്മയുടെ പശുത്തൊഴുത്തിന് സമീപം ആനകളെത്തി ആക്രമിക്കുകയായിരുന്നു. അലർച്ചകേട്ട് പുറത്തിറങ്ങിയ കുഞ്ഞമ്മയും മകൻ ജിജോയും പടക്കംപൊട്ടിച്ച് ആനക്കൂട്ടത്തെ കയറ്റിവിട്ടു. നേരംവെളുത്തപ്പോഴാണ് പശുവിന്റെ ജഡം കണ്ടത്. വന്യജീവി പ്രതിരോധസമിതിയുടെ നേതൃത്വത്തിൽ പശുവിന്റെ ജഡവുമായി ധോണിയിൽ നാട്ടുകാർ പ്രതിഷേധിച്ചു. വെറ്ററിനറി ഓഫീസറെകൊണ്ട് പശുവിന്റെ ജഡം പരിശോധിച്ച് 65,000 രൂപ  ഉടൻതന്നെ നഷ്ടപരിഹാരം അനുവദിച്ചു. 60,000 രൂപയുടെ ചെക്ക് കുഞ്ഞമ്മ തോമസിന് വനംവകുപ്പ്   മണിക്കൂറുകൾക്കകം കൈമാറി. 5,000 രൂപ പിന്നീട് നൽകും. ചർച്ചയ്ക്ക് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.  സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എ ഗോകുൽദാസ്, കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ജോസ് മാത്യൂസ്, മുണ്ടൂർ ഏരിയ പ്രസിഡന്റ് വിനോയ് ചാക്കോ, അകത്തേത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ, പഞ്ചായത്തംഗം രേഖ, സെക്രട്ടറി സുമേഷ് എന്നിവർ പാലക്കാട് ഡിഎഫ്ഒ ചുമതലയുള്ള എസിഎഫ് ബി രഞ്ജിത്തുമായി ചർച്ച നടത്തി. ധോണിയെ ഭീതിയിലാക്കിയിരുന്ന പി ടി–-ഏഴ് എന്ന കൊമ്പനെ ആഴ്ചകൾക്ക് മുമ്പാണ് വനം വകുപ്പ് മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കിയത്. ഇതിന് ശേഷവും ജനവാസമേഖലയിൽ നിരന്തരം കാട്ടാനകൾ ഇറങ്ങുന്നുണ്ട്. Read on deshabhimani.com

Related News