മില്ലുകാർ ഉടക്കിത്തന്നെ സംഭരണം പ്രതിസന്ധിയിൽ



പാലക്കാട്‌ മഴ വന്നതോടെ കൊയ്‌ത നെല്ല്‌ സംഭരിച്ചുവയ്‌ക്കാൻ സ്ഥലമില്ലാതെ കിട്ടിയ വിലയ്‌ക്ക്‌ വിൽക്കുകയാണ്‌ കർഷകർ. കർഷകരുടെ ദുരിതം മുതലെടുത്ത്‌ കുറഞ്ഞ വിലയ്ക്ക്‌ പരമാവധി നെല്ലെടുക്കുകയാണ്‌ സ്വകാര്യമില്ലുകാർ. സംഭരണം നീട്ടിക്കൊണ്ടുപോകുന്ന അരിമില്ലുടമകളുടെ നിലപാടിനുപിന്നിൽ കുറഞ്ഞ വിലയ്‌ക്ക്‌ നെല്ലെടുക്കലാണെന്ന്‌ കർഷകർ ഉന്നയിക്കുന്നു.  നെല്ലെടുപ്പ്‌ തുടങ്ങുന്നതിന്‌ തൊട്ടുമുമ്പ്‌ വിവിധ വിഷയങ്ങളിൽ ഒത്തുതീർപ്പിന്‌ തയ്യാറാകാതെ സംഭരണം വൈകിപ്പിക്കുന്നത്‌ മുൻകാലങ്ങളിൽ പതിവായിരുന്നു. എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷം മുൻകൂട്ടി പ്രശ്‌നങ്ങൾ പരിഹരിച്ച്‌ നെല്ലെടുപ്പ്‌ സുഗമമാക്കി. കഴിഞ്ഞ ഒന്നാംവിളയ്ക്ക്‌ സെപ്‌തംബറിൽതന്നെ സംഭരണം തുടങ്ങാനായി. ഇത്തവണ കോടതിവിധിയുടെയും ജിഎസ്‌ടിയുടെയും പേരിൽ സംസ്ഥാന സർക്കാരിന്‌ പരിഹരിക്കാൻ പറ്റാത്ത വിഷയങ്ങളുന്നയിച്ചാണ്‌ മില്ലുകാർ ഉടക്കിനിൽക്കുന്നത്‌. മന്ത്രി ജി ആർ അനിൽ നേരിട്ടും മന്ത്രി കെ എൻ ബാലഗോപാലുമായി ചേർന്നും രണ്ടുതവണ ചർച്ച നടത്തിയെങ്കിലും മില്ലുകാർ ഒത്തുതീർപ്പിന്‌ തയ്യാറായില്ല. ജില്ലയിൽ കൊയ്‌ത്ത്‌ അതിവേഗം പുരോഗമിക്കുന്നു. അവസാനം കൊയ്യുന്ന ചിറ്റൂരിൽപോലും കൊയ്‌ത്ത്‌ തുടങ്ങിയിട്ട്‌ ദിവസങ്ങളായി. മഴ തുടങ്ങിയതോടെ നെൽച്ചെടികൾ വ്യാപകമായി വീഴുന്നു. കൂടുതൽ മഴയ്‌ക്കുമുമ്പ്‌ നെന്മണികൾ വീണുപോകാതെ കൊയ്‌തെടുക്കുകയാണ്‌. എന്നാൽ നെല്ല്‌ സൂക്ഷിച്ചുവയ്‌ക്കാനും സാധിക്കുന്നില്ല. സപ്ലൈകോ കിലോയ്‌ക്ക്‌ 28.20 രൂപയ്‌ക്കാണ്‌ നെല്ലെടുക്കുന്നതെങ്കിൽ 20 മുതൽ 25 രൂപവരെയേ സ്വകാര്യ മില്ലുകാർ കർഷകർക്ക്‌ നൽകൂ. വൻ നഷ്ടത്തിലാണ്‌ നെല്ല്‌ കൊടുക്കേണ്ടിവരുന്നത്‌. നിലവിൽ ഒരു മില്ല്‌ കരാർ ഒപ്പിട്ടിട്ടുണ്ടെന്നും പാഡികോ ഉൾപ്പടെയുള്ളവർ ഉടൻ കരാറൊപ്പിടുമെന്നുമാണ്‌ സപ്ലൈകോ അധികൃതർ പറയുന്നത്‌. വൈകുന്ന ഓരോ ദിവസവും കർഷകരുടെ ദുരിതം ഏറുകയാണ്‌. Read on deshabhimani.com

Related News