മഴയെത്തും മുന്നേ പനി ക്ലിനിക്കുകൾ



പാലക്കാട് മഴക്കാലം എത്തുംമുമ്പേ രോ​ഗങ്ങളെ തടയാൻ സജ്ജമായി ആരോ​ഗ്യവകുപ്പ്. മഴക്കൊപ്പമെത്തുന്ന പനിക്കാലത്തെ നേരിടാനുള്ള പനി ക്ലിനിക്കുകൾ ഈ ആഴ്ച ആരംഭിക്കും. ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലുമാണ് പനി ക്ലിനിക്കുകൾ തുടങ്ങുന്നത്.  നിലവിൽ എല്ലാ ആശുപത്രികളിലെയും ഒപികളിൽ പനിയുമായി വരുന്നവർക്ക് പ്രത്യേക പരി​ഗണന നൽകുന്നുണ്ട്. പനിപടർന്ന് പിടിക്കാതിരിക്കാനാണ് ജാ​ഗ്രതാ നടപടികൾ. ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും നിലവിലെ ഒപികൾക്കൊപ്പമാണ് പനി ക്ലിനിക്ക് തുടങ്ങുക. കടുത്ത പനിയുള്ളവരെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കാനും സൗകര്യം ഒരുക്കി. മറ്റ് മഴക്കാലരോ​ഗങ്ങൾ തടയാനും പ്രത്യേക നിർദേശമുണ്ട്.  ■ പനിക്കാർ കൂടുന്നു  പനിയുമായി എത്തുന്നവരുടെ എണ്ണം കൂടുന്നുണ്ട്. കിടത്തി ചികിത്സ നേടുന്നവരുടെ എണ്ണം കുറവാണ്‌. ഒരാഴ്ചയ്ക്കകം പനി ബാധിച്ച് എത്തിയത്‌ 3,258 പേരാണ്. 71 പേരെയാണ്‌ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ചെറിയ രീതിയിലുള്ള പനിയാണ് ഭൂരിഭാ​ഗം പേർക്കും. മെയ് 28ന് ജില്ലയിൽ പനിയുമായി എത്തിയവരുടെ എണ്ണം 264 ആയിരുന്നു. 29ന് 464, 30ന് 502 എന്നിങ്ങനെ ഉയർന്നു. ശനിയാഴ്ച 510 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്‌.   ■ മാർഗങ്ങളുണ്ട്‌ മഴക്കാല രോ​ഗങ്ങൾ തടയാൻ  ● മലിനമായ കുടിവെള്ളവും ഭക്ഷണങ്ങളും ഒഴിവാക്കുക ● വെള്ളം തിളപ്പിച്ച് മാത്രം കുടിക്കുക ● ഐസിട്ട് വച്ച ഭക്ഷണം ഒഴിവാക്കുക ● രോ​ഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ചികിത്സ തേടുക ■ നേരിടാൻ സജ്ജം  മഴക്കാലത്തെ നേരിടാൻ ആരോ​ഗ്യവകുപ്പ് സജ്ജമാണ്. മഴക്കാല രോ​ഗങ്ങൾ പടരാതിരിക്കാൻ ഓരോ രോ​ഗവും റിപ്പോർട്ട് ചെയ്യുമ്പോൾ തന്നെ വേണ്ടരീതിയിൽ ഇടപെടും.  കെ പി റീത്ത (ജില്ലാ മെഡിക്കൽ ഓഫീസർ) Read on deshabhimani.com

Related News