കേരള ചിക്കൻ പദ്ധതി
22 ഫാമുകൾ തയ്യാർ



സ്വന്തം ലേഖിക പാലക്കാട്‌ ന്യായ വിലയ്‌ക്ക്‌ ഗുണമേന്മയുള്ള ചിക്കൻ ലഭ്യമാക്കാനുള്ള കേരള ചിക്കൻ പദ്ധതിക്ക്‌  ശനിയാഴ്‌ച തുടക്കമാവും. കുടുംബശ്രീ വഴി നടപ്പാക്കുന്ന പദ്ധതിക്ക്‌ 22 ഫാമുകൾ തയ്യാറായി. 68,500 കോഴികളെ വളർത്താനുള്ള ശേഷി ഈ ഫാമുകൾക്കുണ്ട്‌.  എട്ട്‌ ആഴ്‌ചയ്‌ക്കുള്ളിൽ ഒരു ദിവസം മാത്രം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ കേരള ചിക്കൻ കമ്പനി ഫാമുകളിൽ എത്തിക്കും. ഇവയ്ക്കുള്ള മരുന്നും ഭക്ഷണവും ഉൾപ്പെടെ നൽകും. 39 മുതൽ 45 ദിവസത്തിനകം തിരിച്ചെടുത്ത്‌ ഔട്ട്‌ലെറ്റുകളിൽ വിൽപ്പനയ്‌ക്കെത്തിക്കും. ഇതിനായി എട്ട്‌ ഔട്ട്‌ലെറ്റ്‌ കണ്ടെത്തി. ജനുവരി 10 നകം  ഔട്ട്‌ലെറ്റുകൾ സജ്ജമാവും.  മറ്റ്‌ ജില്ലകളിൽനിന്ന്‌ വ്യത്യസ്‌തമായി കുടുംബശ്രീ അംഗങ്ങളായ സ്‌ത്രീകളുടെ പേരിലുള്ള ഫാമിൽ മാത്രമേ പദ്ധതി നടത്താൻ അനുമതിയുള്ളൂ. സ്‌ത്രീകൾക്ക്‌ സ്വയം പര്യാപ്‌തത നേടിയെടുക്കാനുള്ള പദ്ധതിയായതിനാലാണ്‌ സ്‌ത്രീകൾ തന്നെ ലൈസൻസിയാവണമെന്ന നിബന്ധന വച്ചത്‌. ഉൽപ്പാദനം മുതല്‍ വിപണനം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന്  കുടുംബശ്രീ ബ്രോയിലേഴ്സ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് എന്ന പേരിൽ പ്രൊഡ്യൂസര്‍ കമ്പനി രൂപീകരിച്ചിട്ടുണ്ട്‌. ഒരു കോഴിക്ക് 1.2 ചതുരശ്രയടി സ്ഥലം നല്‍കി 1000 മുതല്‍ പരമാവധി 5000 വരെ കോഴികളെ ഉള്‍ക്കൊള്ളുന്ന ഫാമുകളാണ്‌ പരിഗണിക്കുക. ഫാമിന്റെ നിലവും റോഡിലേക്കുള്ള വഴിയും വലിയ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാകുന്നതാവണം. ഷെഡിന് പരമാവധി 21 അടി വീതി ഉണ്ടാകണം. തീറ്റ സംഭരിക്കാന്‍ പ്രത്യേക മുറി വേണം. രോഗനിയന്ത്രണത്തിന് ജൈവസുരക്ഷാ ക്രമീകരണം ഉണ്ടാവണം. കോഴിത്തീറ്റയും മരുന്നും കേരള ചിക്കൻ കമ്പനി ലഭ്യമാക്കും. ഫാം തുടങ്ങുന്ന കുടുംബശ്രീ ഫാമിന്‌ 50,000 രൂപ വീതം  മുൻകൂറായി അടയ്‌ക്കണം. ഫാം നിർത്തുകയാണെങ്കിൽ ഈ തുക മടക്കി നൽകും. 2017 നവംബറിലാണ്‌ സംസ്ഥാനത്ത്‌ പദ്ധതി ആരംഭിച്ചത്‌. അഞ്ചു വർഷത്തിനിടെ നൂറുകോടിയിലേറെ രൂപയുടെ വിറ്റുവരവുണ്ടായി.  മറ്റ്‌ ജില്ലകളിലെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ്‌ പദ്ധതി കൂടുതൽ ജില്ലകളിലേക്ക്‌ വ്യാപിപ്പിച്ചത്‌. നിലവില്‍ കുടുംബശ്രീ നേതൃത്വത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് പദ്ധതി നിലവിലുള്ളത്‌. Read on deshabhimani.com

Related News