ചിറ്റൂരിൽ ഏഴുനില ആശുപത്രി

ചിറ്റൂരിൽ നിർമിക്കുന്ന പുതിയ താലൂക്ക്‌ ആശുപത്രിയുടെ രൂപരേഖ


ചിറ്റൂർ അസൗകര്യങ്ങളുടെ തീരാക്കഥകളാണ്‌ ചിറ്റൂർ ഗവ. താലുക്ക്‌ ആശുപത്രിയെക്കുറിച്ച്‌ എന്നും കേൾക്കുന്നത്‌. ഡോക്ടറും പാരാ മെഡിക്കൽ ജീവനക്കാരും മറ്റ് അനുബന്ധ  സൗകര്യങ്ങളും ഇല്ലാത്തതിനെത്തുടർന്ന്‌ അരങ്ങേറിയത്‌ നിരവധി സമരം. ഇന്നത്‌ പഴങ്കഥ.  പിണറായി സർക്കാർ ഇടപെട്ടതോടെ ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാകുകയാണ്‌.  പിണറായി സർക്കാരിന്റെ കരുതലിൽ ചിറ്റൂരിൽ ഏഴുനിലയുള്ള അത്യാധുനിക ആശുപത്രി കെട്ടിടം ‌ഉയരുന്നു.  കിഫ്‌ബിയിൽ 70.51 കോടി രൂപ വകയിരുത്തിയാണ്‌ കെട്ടിടം നിർമിക്കുന്നത്‌. ആഗസ്‌ത്‌ 27ന്‌ നിർമാണോദ്‌ഘാടനം നിർവഹിച്ചു. ഒക്ടോബർ ആറിന്‌ നിർമാണം ആരംഭിച്ചു.  രണ്ടു വർഷത്തിനകം പൂർത്തിയാക്കും.‌ ഹൈറ്റ്സിനാണ് നിർമാണച്ചുമതല.  കെട്ടിടത്തിന്‌ 45.74 കോടി രൂപയും ഫർണിച്ചർ, മറ്റ്‌ ഉപകരണങ്ങൾ എന്നിവയ്‌ക്ക്‌ 22.47 കോടിരൂപയും ചെലവിടും. കൺസൾട്ടൻസി ചാർജും മറ്റ്‌ ചെലവുകളുമായി 2.3 കോടിരൂപയുമാണ്‌ വകയിരുത്തിയത്‌.  താഴത്തെ നിലയിൽ രജിസ്‌ട്രേഷൻ, അത്യാഹിതവിഭാഗം, ട്രോമ ഐസിയു, മൈനർ ഓപ്പറേഷൻ തീയറ്റർ, ഇൻജക്‌ഷൻ മുറി, എംആർഐ –- സി ടി സ്കാൻ, എക്സ്‌റേ യൂണിറ്റ്, നേഴ്സിങ്‌ സ്‌റ്റേഷൻ എന്നിവയുമുണ്ടാകും.  ഒന്നാംനിലയിൽ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ പരിശോധനാകേന്ദ്രം, ഓഫീസുകൾ, മെഡിക്കൽ സ്‌റ്റോർ, ഒപി കൗണ്ടർ, സമ്മേളന‌ഹാൾ എന്നിവ പ്രവർത്തിക്കും. രണ്ടാംനിലയിൽ ബ്ലഡ് ബാങ്ക്, ഡയാലിസിസ് യൂണിറ്റ്, വിവിധ വാർഡുകൾ എന്നിവയാണ് പ്രവർത്തിക്കുക.  മൂന്നാംനിലയിൽ ഇഎൻടി, ശിശുരോഗവിഭാഗം, കണ്ണുരോഗവിഭാഗം, വിവിധ വാർഡു കളും നാലാംനിലയിൽ വിവിധ ഐസിയു യൂണിറ്റുകളും ഓപ്പറേഷൻ വാർഡുകളും പ്രവർത്തിക്കും.  അഞ്ചാംനിലയിൽ അനസ്തേഷ്യാ മുറികളും സ്റ്റോർ മുറികളും മുകൾനിലയിൽ ലോൺട്രി, മറ്റ്‌ സേവനങ്ങൾ എന്നിവയ്‌ക്ക്‌ ഉപയോഗിക്കും.  ദേശീയ ആരോഗ്യദൗത്യം ഫണ്ട് നാലുകോടി ചെലവിട്ട്‌ രണ്ട്നിലയിലായി പണിയുന്ന സ്ത്രീകളുടെയും കുട്ടികളുടെയും വാർഡ് എട്ട് മാസത്തിനകം പൂർത്തിയാക്കും.  ചിറ്റൂർ മണ്ഡലത്തിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യകേന്ദ്രം എന്നിവയിൽ കൂടുതൽ സൗകര്യം ഒരുക്കാൻ 4.85 കോടിരൂപയും അനുവദിച്ചു. Read on deshabhimani.com

Related News