കോണ്‍ഗ്രസ്–-ബിജെപി ധാരണ: സിപിഐ എം



  ചെർപ്പുളശേരി വെള്ളിനേഴി പഞ്ചായത്തിലെ 13ൽ 11 വാർഡുകളിലും കോൺഗ്രസും ബിജെപിയും ധാരണയിലാണ് മത്സരിക്കുന്നതെന്ന് സിപിഐ എം നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്തിലെ 13 വാർഡിൽ നാലിടത്ത്‌ മാത്രമാണ്‌ കോൺഗ്രസിന്‌ സ്ഥാനാർഥികളുള്ളത്‌. ബിജെപി സ്വന്തംചിഹ്നത്തിൽ നാല് വാർഡിൽമാത്രമാണ്‌ മത്സരിക്കുന്നത്‌.  കല്ലുംപുറം ആറാംവാർഡിലും ഞാളാകുർശി 12–-ാംവാർഡിലും മാത്രമാണ് എൽഡിഎഫും കോൺഗ്രസും ബിജെപിയും പരസ്പരം മത്സരിക്കുന്നത്. ബിജെപിമാത്രം മത്സരിക്കുന്ന ചാമക്കുന്ന് രണ്ടാംവാർഡിലും വെള്ളിനേഴി 13–-ാംവാർഡിലും താമരചിഹ്നത്തിൽ വോട്ട്‌ ചെയ്യാനാണ് കോൺഗ്രസുകാരുടെ നിർദേശം. കോൺഗ്രസ്ചിഹ്നത്തിൽ മത്സരിക്കുന്ന കുറുവട്ടൂർ നാലാം  വാർഡിലും അങ്ങാടിക്കുളം ഒമ്പതാംവാർഡിലും ബിജെപിസ്ഥാനാർഥികളെ നിർത്താതെ കോൺഗ്രസിനെ പിന്തുണയ്‌ക്കാനാണ്‌ നിർദേശിച്ചിട്ടുള്ളത്‌.   ബാക്കി ഏഴ്‌ വാർഡിൽ മൂന്നിടത്ത്‌ യുഡിഎഫ് സ്വതന്ത്രസ്ഥാനാർഥികളും രണ്ട്‌ വാർഡിൽ എൻഡിഎ സ്വതന്ത്രരുമാണ് മത്സരിക്കുന്നത്. വെള്ളിനേഴിയിൽ ഒരിക്കലും ഇടതുപക്ഷത്തിന് ബദലാകാൻ കോൺഗ്രസിനാവില്ലെന്ന നിരാശയാണ് ബിജെപിയുമായി പരസ്യധാരണയുണ്ടാക്കാൻ അവരെ പ്രേരിപ്പിച്ചതെന്നും സിപിഐ എം നേതാക്കൾ ആരോപിച്ചു.  തിരുനാരായണപുരം ഏഴാംവാർഡിൽ സ്വതന്ത്രനായി മത്സരിക്കുന്ന എം ഗോപാലകൃഷ്ണൻ ബിജെപി പഞ്ചായത്ത്‌സെക്രട്ടറിയാണ്. അടയ്‌ക്കാപുത്തൂരിൽ സ്വതന്ത്രയായി മത്സരിക്കുന്ന ഒ പി കൃഷ്ണകുമാരി മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും പലതവണ കൈപ്പത്തിചിഹ്നത്തിൽ മത്സരിച്ച് തോറ്റയാളുമാണ്.  മതനിരപേക്ഷത കാത്തുസൂക്ഷിക്കാൻ 13 വാർഡുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ടെന്നും സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ശ്രീധരൻ, വി ഗംഗാധരൻ, പി കെ ശശിധരൻ എന്നിവർ പറഞ്ഞു. Read on deshabhimani.com

Related News