അനുശോചനവുമായി നാട്

സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിക്കുന്നു. സ‍്പീക്കർ എ എൻ ഷംസീർ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി കെ രാജേന്ദ്രൻ എന്നിവർ സമീപം


 പാലക്കാട് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അം​ഗം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനപ്രവാഹമായി ജില്ല. കേരള രാഷ്ട്രീയത്തിൽ പകരം വയ്ക്കാനില്ലാത്ത സമുന്നത നേതാവ്‌ നഷ്ടമായെന്ന് ജനതാദൾ എസ് ജില്ലാ  പ്രസിഡന്റ് കെ ആർ ഗോപിനാഥ് പറഞ്ഞു.  കോടിയേരിയുടെ വേർപാട്‌ തീരാനഷ്ടമാണെന്ന് എൻസിപി ജില്ലാകമ്മിറ്റി അനുശോചിച്ചു. ആദരസൂചകമായി എൻസിപി ജില്ലാ കമ്മിറ്റി ഞായറാഴ്ച നടത്താനിരുന്ന ഏകദിന ഉപവാസം റദ്ദാക്കി. സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ അനുശോചനയോ​ഗം ചേർന്നു. ജില്ലാ പ്രസി‍ഡന്റ് എ രാമസ്വാമി, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പി എ റസാഖ് മൗലവി, ഓട്ടൂർ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.  മുതലമട സ്നേഹം ട്രസ്റ്റ്‌ ചെയർമാൻ സ്വാമി സുനിൽദാസ് അനുശോചനം രേഖപ്പെടുത്തി. കറകളഞ്ഞ കമ്യൂണിസ്റ്റുകാരനായിരുന്നു കോടിയേരിയെന്നും അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഏറെ ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. നഷ്ടമായത് മികച്ച കർമയോ​ഗിയെയെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെ‍ഡറേഷൻ കേരള സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. നിരാലംബരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സംരക്ഷണം ഉറപ്പ് വരുത്തുന്നതിൽ അദ്ദേഹം നടത്തിയ ഇടപെടലുകളും നിയമനിർമാണങ്ങളും എന്നും സമൂഹം നന്ദിയോടെ സ്മരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം നന്ദകുമാർ പറഞ്ഞു. കോടിയേരിയുടെ നിര്യാണത്തിൽ കേരള ബ്രാഹ്മണസഭ അനുശോചിച്ചു. മനുഷ്യസ്നേഹിയായ രാഷ്ട്രീയപ്രവർത്തകനാണ് കോടിയേരിയെന്ന് സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ അനുശോചനക്കുറിപ്പിൽ അറിയിച്ചു. നാഷണൽ ജനശക്തി കോൺഗ്രസ്‌ ദേശീയ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അനുശോചിച്ചു. അഭിപ്രായവ്യത്യാസമുള്ളവർക്ക്പോലും വെറുക്കാനാവാത്ത വ്യക്തിത്വമായിരുന്നു കോടിയേരിയുടേതെന്ന് ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ പറഞ്ഞു.  ഐഎൻഎൽസി(ഇന്ത്യൻ നാഷണൽ ലേബർ കോൺഗ്രസ്‌) സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ജനകീയ മുഖമാണ് നഷ്ടമായതെന്ന് സംസ്ഥാന പ്രസിഡന്റ്‌ എം ഉണ്ണിക്കൃഷ്ണൻ, ജനറൽ സെക്രട്ടറി എം ജീവകുമാർ എന്നിവർ അനുശോചനകുറിപ്പിൽ പറഞ്ഞു. കോൺഗ്രസ്‌(എസ്)ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ജില്ലാകമ്മിറ്റി ഓഫീസിൽ ചേര്‍ന്ന യോ​ഗത്തില്‍ ജില്ലാ പ്രസിഡന്റ് പി എസ് കാജാഹുസൈൻ സംസാരിച്ചു. കേരള ചെട്ടി മഹാസഭ ജില്ലാകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് കെ വീരപ്പന്‍, സെക്രട്ടറി എ ആര്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. കേരള കോൺഗ്രസ്(എം) ജില്ലാ കമ്മിറ്റി കോടിയേരിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് കെ കുശലകുമാർ അധ്യക്ഷനായി. Read on deshabhimani.com

Related News