കുറുമ്പ ഊരുകളിൽ വെളിച്ചമെത്തും



 അഗളി അട്ടപ്പാടിയിലെ വിദൂര ഊരുകളായ സൈലന്റ് വാലി വനമേഖലയിൽപ്പെട്ട പ്രദേശങ്ങളിൽ വൈദ്യുതി എത്തിക്കാൻ പ്രത്യേക പദ്ധതി തുടങ്ങി. 6.2 കോടി ചെലവിൽ കുറുമ്പ ഊരുകളായ തടിക്കുണ്ട്, മുരുഗള, കിണറ്റുകര, പാലപ്പട, താഴേ ആനവായ്, മേലേ ആനവായ്, കടുകുമണ്ണ എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതീകരണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്‌.  ചിണ്ടക്കിയിൽനിന്ന് 15 കിലോമീറ്റർ ദൂരം കേബിൾ സ്ഥാപിച്ചാണ് 11 കെവി ലൈൻ എത്തിക്കുന്നത്. നാല് ട്രാൻസ്ഫോർമറുകൾ, 8547 മീറ്റർ എൽടി, എബിസി കേബിൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിലവിൽ മണ്ണിനടിയിൽക്കൂടി കേബിൾ ഇടുന്ന പ്രവൃത്തികളാണ്‌ പുരോഗമിക്കുന്നത്.  ഇതുമൂലം ചിണ്ടക്കിയിൽനിന്ന് കടുകുമണ്ണ പ്രദേശത്തേയ്‌ക്കുള്ള ഗതാഗതം രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ച്‌ വരെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തി. ജനങ്ങൾ സഹകരിക്കണമെന്ന് അഗളി ഇലക്‌ട്രിക്കൽ സെക്ഷനിലെ അസിസ്റ്റന്റ്‌ എൻജിനിയർ പി മുരളീധരൻ അറിയിച്ചു. ഇതോടൊപ്പം തന്നെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയും മികച്ച റോഡുകൾക്കുമായുള്ള പദ്ധതികളും ഉടൻ ആരംഭിക്കും. 70 കോടി ചെലവിലാണ് റോഡ് നിർമിക്കാൻ പദ്ധതിയിടുന്നത്. Read on deshabhimani.com

Related News