ഒ വി വിജയൻ സ്മാരക പുരസ്കാരങ്ങൾ
 പി എഫ് മാത്യൂസിനും വി എം ദേവദാസിനും



പാലക്കാട്‌ ഒ വി വിജയൻ സ്‌മാരക സമിതിയുടെ 2022 ലെ ഒ വി വിജയൻ സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ പി എഫ് മാത്യൂസ്‌, ചെറുകഥാ സമാഹാരത്തിന്‌ വി എം ദേവദാസ്‌, യുവ കഥാവിഭാഗത്തിൽ വി എൻ നിധിൻ എന്നിവർക്ക്‌ പുരസ്‌കാരം സമ്മാനിക്കുമെന്ന്‌ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 26ന്‌ പകൽ 11ന്‌ തസ്രാക്ക്‌ ഒ വി വിജയൻ സ്മാരകത്തിൽ  മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും. പി എഫ് മാത്യൂസിന്റെ ‘അടിയാള പ്രേതം’ എന്ന നോവലാണ്‌ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്‌. വി എം ദേവദാസിനെ ‘കാടിന് നടുക്കൊരു മരം’ എന്ന ചെറുകഥാ സമാഹാരവും വി എൻ നിധിനെ ‘ചാച്ചൻ’ എന്ന ചെറുകഥയും പുരസ്കാരത്തിനർഹരാക്കി. കഥയ്‌ക്കും ചെറുകഥയ്‌ക്കും 25,000 രൂപയും പ്രശസ്‌തി പത്രവും സമ്മാനിക്കും.  യുവ കഥയ്‌ക്ക്‌ 10,000 രൂപയും പ്രശസ്‌തി പത്രവും ഫലകവുമാണ്‌ സമ്മാനം. 2019, 2020,  2021 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളാണ്‌ പുരസ്കാരത്തിനായി പരിഗണിച്ചത്‌. ഒ വി വിജയൻ സ്‌മാരക സമിതി ചെയർമാൻ ടി കെ നാരായണദാസ്‌, സെക്രട്ടറി ടി ആർ അജയൻ, ജൂറി അംഗങ്ങളായ ടി കെ ശങ്കരനാരായണൻ, രാജേഷ്‌ മേനോൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News