ആനക്കര–- അത്താണി റോഡ് തകര്‍ന്നു; കണ്ണടച്ച് പഞ്ചായത്ത്



കൂറ്റനാട് ആനക്കര പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ ആനക്കര–-അത്താണി റോഡ് തകർന്നിട്ടും പഞ്ചായത്ത് തിരിഞ്ഞുനോക്കുന്നില്ല. കോണ്‍​ഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍ പ്രസിഡ​ന്റി​ന്റെ വാര്‍ഡിലുള്ള റോഡായിട്ടും ഇതു നന്നാക്കാന്‍ നടപടിയില്ല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞടുപ്പിനുമുമ്പ്‌ റോഡ് നവീകരണത്തിന് എട്ട് ലക്ഷം രൂപ മുന്‍ എംഎല്‍എ വി ടി ബല്‍റാമിന്റെ ആസ്തിവികസന ഫണ്ടില്‍നിന്ന് അനുവദിച്ചതായി പ്രചരിപ്പിച്ചശേഷം പ്രവൃത്തി ഉദ്ഘാടനവും കോണ്‍​ഗ്രസ് നടത്തിയിരുന്നു.  പുതിയ ഭരണസമിതി നിലവില്‍ വന്ന് ഒരു വര്‍ഷമാകാറായിട്ടും റോഡ് നവീകരണം നടന്നില്ല. മഴയില്‍ റോഡിലെ കുഴികളില്‍ വെളളം നിറഞ്ഞ് കാല്‍നടയാത്രക്കുപോലും കഴിയാത്ത അവസ്ഥയാണ്. ആനക്കര നീലിയാട് റോഡില്‍നിന്ന് തുടങ്ങുന്ന 300 മീറ്റര്‍ ദൂരമാണ് പൂര്‍ണമായി തകര്‍ന്നത്. ആനക്കര ഡയറ്റ് ലാബ് സ്‌കൂള്‍, ആനക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് പോകാനുള്ള മാര്‍​ഗവും ഈ റോഡാണ്. കോണ്‍ഗ്രസിനുള്ളിലെ അധികാര വടംവലിയും ഗ്രൂപ്പിസവുമാണ് പഞ്ചായത്തിലെ വികസന പ്രവര്‍ത്തനത്തിന് തടസ്സമാകുന്നതെന്ന് ആക്ഷേപമുണ്ട്. Read on deshabhimani.com

Related News