ഇരുമ്പ്‌ സംസ്‌കരണത്തിന് മലമ്പുഴയിൽ തെളിവ്‌



പാലക്കാട് ഇരുമ്പ് യു​ഗത്തിൽ ഇരുമ്പയിരിൽനിന്ന് ഇരുമ്പ് വേർതിരിക്കാനുള്ള സാങ്കേതിക വിദ്യയുണ്ടായിരുന്നതിന് മലമ്പുഴയിൽ തെളിവുകൾ. ഇരുമ്പുരുക്കാൻ ഉപയോ​ഗിച്ച  ചൂളയുടെ ഭാ​ഗങ്ങളാണ് മലമ്പുഴ വലിയ കാടിനടുത്ത്  മഹാശിലായു​ഗ സ്ഥാനമായ കുന്നുംപുറത്തുനിന്ന് ലഭിച്ചത്. വിക്‍ടോറിയ കോളേജിലെ ചരിത്ര വിഭാ​ഗം അസോസിയേറ്റ് പ്രൊഫസർ കെ രാജന്റെ ഗവേഷണത്തിലാണ് ഇവ കണ്ടെത്തിയത്.  ലോകത്തിൽ തന്നെ ഇരുമ്പയിര് വേർതിരിക്കുന്ന ആദ്യ  സംവിധാനമായാണ് ടെറാക്കോട്ട കൊണ്ടുള്ള ചൂളയെ കണക്കാക്കുന്നത്.  ചൂളയിൽ അയിര്, മരക്കരി എന്നിവ ചേർത്ത് ചൂടാക്കിയാണ് ഇരുമ്പ് വേർതിരിക്കുന്നത്. കുഴലുകളുടെ ശരാശരി നീളം എട്ട്  മുതൽ 14.5 സെന്റീ മീറ്റർ വരെയാണ്. വ്യാസം 2.98 സെന്റീമീറ്റർ. ഇരുമ്പയിര് ഉരുക്കുമ്പോൾ ചൂട് നിയന്ത്രിക്കാനാണ് ചൂള ഉപയോ​ഗിക്കുന്നത്. അഞ്ച് ചൂളകളാണ് പ്രദേശത്തുനിന്ന് കണ്ടെത്തിയത്. ചൂളയ്‌ക്ക്‌ പുറമെ ഇരുമ്പുരുക്കിന്റെ അവശിഷ്‍ടങ്ങളും കണ്ടെത്തി. തമിഴ്‍നാട്ടിൽ കൊടുമണലിൽനിന്ന് ചൂള കണ്ടെടുത്തിട്ടുണ്ടെങ്കിലും കേരളത്തിൽ ആദ്യമായാണ് ഇവ കണ്ടെത്തുന്നത്. സംസ്ഥാനത്ത് ഇരുമ്പ് യു​ഗത്തിന്റെ അവശിഷ്‍ടങ്ങൾ കണ്ടെത്തിയ സ്ഥലമാണ് മലമ്പുഴ. ഈ കാലഘട്ട        ത്തിലെ നിരവധി വസ്‍തുക്കൾ മലമ്പുഴ, കുന്നംപുറം പ്രദേശങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. കെ രാജന്റെ നേതൃത്വത്തിലുള്ള സംഘം വർഷങ്ങളായി പ്രദേശത്ത് പര്യവേഷണം നടത്തുന്നുണ്ട്. പ്രദേശമാകെ കുഴിച്ചെടുക്കാതെ ശാസ്‍ത്രീയമായാണ് പഠനം നടക്കുന്നത്. Read on deshabhimani.com

Related News