അഭിമാനമാണ്‌ നൗഫൽ



പട്ടാമ്പി  അംഗപരിമിതനായ കോവിഡ്‌ ബാധിതനെ ആംബുലൻസിൽ കയറ്റാൻ ആരോഗ്യ പ്രവർത്തകരെ സഹായിച്ച സിപിഐ എം പ്രവർത്തകൻ നൗഫലിന്‌  നാടിന്റെ അനുമോദനം. പട്ടാമ്പി മത്സ്യമാർക്കറ്റിലെ തൊഴിലാളിയും സിപിഐ എം ശങ്കരമംഗലം കോട്ടപ്പടി ബ്രാഞ്ചംഗവും സിഐടിയു അംഗവുമായ നൗഫലാണ്‌ ദൗത്യത്തിന്‌ മുന്നോട്ടു വന്നത്‌.  വ്യാഴാഴ്‌ച രോഗം സ്ഥിരീകരിച്ച നൗഫൽ ആശുപത്രിയിലേക്ക്‌ പോകാൻ ആംബുലൻസ്‌ കാത്തുനിൽക്കെയാണ്‌ അംഗപരിമിതനായ യുവാവിനെ ആംബുലൻസിൽ കയറ്റാൻ സഹായവുമായി മുന്നോട്ട് വന്നത്.  പട്ടാമ്പി മത്സ്യമാർക്കറ്റിലെ കോവിഡ് സമ്പർക്ക വ്യാപനത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു നൗഫൽ.  കൊപ്പം കരിങ്ങനാട് മിഠായിതെരുവിലെ ഒരുകുടുംബത്തിലെ മുഴുവൻ പേർക്കും  രോ​ഗം സ്ഥിരീകരിച്ചതിനെ തുടർന്ന്  ആന്റിജെൻ പരിശോധനയ്ക്ക് വരാൻ കഴിയാതിരുന്ന കുടുംബത്തിലെ അംഗപരിമിതനായ  യുവാവിനെ വീട്ടിലെത്തിയാണ്‌ ആരോഗ്യ പ്രവർത്തകർ പരിശോധിച്ചത്‌.  ഡോക്ടർ അടക്കമുള്ള സംഘം  വീട്ടിലെത്തി സ്രവം പരിശോധിച്ചപ്പോൾ രോഗം സ്ഥിരീകരിച്ചു. അരയ്‌ക്കുതാഴെ തളർന്ന യുവാവിനെ ആശുപത്രിയിലേ‌ക്ക്‌ കൊണ്ടുപോകാന്‍  ആംബുലൻസിലേക്ക്  എടുത്തുകൊണ്ടുപോകണം. ഇത്‌ രോഗം പകർത്തുമെന്ന ആശങ്കയിൽ ആരോഗ്യ പ്രവർത്തകർ നിൽക്കുമ്പോഴാണ്‌ ‌ആ ദൗത്യം ഏറ്റെടുക്കാൻ നൗഫൽ മുന്നോട്ടുവന്നത്. അദ്ദേഹത്തോടൊപ്പം പട്ടാമ്പി മാർക്കറ്റിൽനിന്ന്‌ രോഗം സ്ഥിരീകരിക്കപ്പെട്ട സുഹൃത്തും കൂടെ ഉണ്ടായിരുന്നു.  മുഹമ്മദ് മുഹ്സിൻ എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി എൻ പി വിനയകുമാർ, ഏരിയ കമ്മിറ്റി അംഗം  എ വി സുരേഷ്, ലോക്കൽ സെക്രട്ടറിമാരായ കെ പി അജയകുമാർ, പി വിജയകുമാർ എന്നിവർ നൗഫലിനെ അഭിനന്ദിച്ചു. Read on deshabhimani.com

Related News