കുട്ടികളുടെ ചികിത്സയ്ക്ക് 
കൂടുതൽ സൗകര്യങ്ങൾ

കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ പുതിയ ഉപകരണങ്ങളോടെ സജ്ജീകരിച്ച കുട്ടികളുടെ ഐസിയു


പാലക്കാട്  കുട്ടികളുടെ ചികിത്സയ്ക്ക് കൂടുതൽ സൗകര്യവുമായി ജില്ലാ വനിതാ–-ശിശു ആശുപത്രി. പുതിയ ഉപകരണങ്ങളോടെ കുട്ടികളുടെ ഐസിയു(പീഡിയാട്രിക് ഐസിയു)സൗകര്യം വർധിപ്പിച്ചു.  പുതിയ ആശുപത്രിബ്ലോക്കിൽ കുട്ടികൾക്ക് ഇണങ്ങുന്ന രൂപത്തിലാണ് ഐസിയു ഒരുക്കിയത്. ബുധനാഴ്‌ച പ്രവർത്തനം ആരംഭിക്കും. ആറ് കിടക്കകളുള്ള വാർഡിൽ മൂന്ന് ഇൻവാസിവ് വെന്റിലേറ്ററും ഒരു നോൺ ഇൻവാസിവ് വെന്റിലേറ്ററുമുണ്ട്‌.  ദേശീയ ആരോഗ്യദൗത്യത്തിലെ പത്തുലക്ഷംരൂപ ഉപയോഗിച്ചാണ് പുതിയ ഐസിയു. നേരത്തേ ഇടുങ്ങിയ സൗകര്യത്തിലായിരുന്നു. കിടക്കകളും കുറവായിരുന്നു. കുട്ടികളുടെ ഐസിയു വിപുലീകരണത്തിനൊപ്പം നവജാതശിശുക്കളുടെ ഐസിയു സൗകര്യവും വർധിക്കും. നിലവിൽ പത്ത് കിടക്കകളാണുള്ളത്. ഇത് പതിനാലായി വർധിക്കും. അറ്റകുറ്റപ്പണി പൂർത്തിയാക്കി ഈ വിഭാഗവും ഉടൻ തയ്യാറാകുമെന്ന് ആശുപത്രി സൂപ്രണ്ട് പി കെ ജയശ്രീ പറഞ്ഞു. ഓരോ മാസവും ഇവിടെ 500നു മുകളിൽ പ്രസവം നടക്കാറുണ്ട്‌. മികച്ച ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സേവനം ലഭ്യമാണ്. കോവിഡ്‌ മൂന്നാംതരംഗം മുന്നിൽകണ്ട് കുട്ടികൾക്കു മാത്രമായി ഒരുക്കുന്ന പ്രത്യേക ഐസിയു സംവിധാനത്തിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്.  എട്ട് ഐസിയു കിടക്കകളോടെ വെന്റിലേറ്റർ, ഓക്‌സിജൻ സൗകര്യവും ഉണ്ടാകും. Read on deshabhimani.com

Related News