നിറം മങ്ങി ‘രാജാവും റാണിയും’

അമ്പലപ്പാറ ‘നടന’ത്തിൽ കലാകാരൻമാരുടെ വസ്ത്രാലങ്കാരങ്ങൾ തൂക്കിയിട്ടിരിക്കുന്നു


ഒറ്റപ്പാലം രാജാവിന്റെയും റാണിയുടെയും കുപ്പായം മങ്ങുന്നതുകണ്ട്‌ നിസ്സഹായരായി നിൽക്കേണ്ടിവരിക, പൊടിയും മാറാലയും തട്ടി നിത്യേന പൊന്നുപോലെ സൂക്ഷിക്കുക... കോവിഡ്‌ മഹാമാരി വസ്ത്രാലങ്കാര വിപണിയേയും പ്രതികൂലമായി ബാധിച്ചു. സ്കൂൾ കലോത്സവങ്ങളും പൂരാഘോഷങ്ങളുമായി വേദിയിൽനിന്ന് വേദിയിലേക്ക് ഇടതടവില്ലാതെ ഓടിയിരുന്ന കാലം ഇത്തവണ ഉണ്ടായില്ല. ഒരു സീസണിലെ കച്ചവടമാണ്‌ ചായങ്ങളുടെയും വസ്ത്രാലങ്കാരങ്ങളുടെയും ഇല്ലാതായത്‌.  സ്കൂൾ കലോത്സവങ്ങൾക്കും ആഘോഷങ്ങൾക്കും വസ്ത്രാലങ്കാരങ്ങളും ചമയം അണിയിക്കലുമായി ഉപജീവനം നടത്തുന്ന നാൽപ്പതോളം കലാകാരൻമാർ അമ്പലപ്പാറ ‘നടന’ത്തിൽ മാത്രമുണ്ട്‌.  ആവശ്യക്കാർക്ക്‌ സാധനങ്ങൾ എത്തിക്കുന്ന പത്ത്‌ വാഹനങ്ങളിലെ ഡ്രൈവർമാർക്കും വസ്ത്രങ്ങളുടെ തുന്നൽപ്പണി ചെയ്തിരുന്ന ആറ് തയ്യൽക്കാരുടെയും ജീവിതവും ഇതോടൊപ്പം വഴിമുട്ടി. ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിരകളി, നാടകം, ഒപ്പന, മൈം, മാർഗംകളി എന്നിങ്ങനെ നൃത്ത, നൃത്തേതര പരിപാടികളുടെ വസ്ത്രാലങ്കാരവും മേക്കപ്പും മറ്റ് അനുബന്ധ വസ്തുക്കളും പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ കലാകാരൻമാർക്ക് ഒരുക്കി നൽകുന്നതിൽ ഈ സംഘവുമുണ്ട്‌. മാർച്ച് മുതൽ മേയ് വരെയാണ്‌ ആദ്യ സീസൺ. 80 സ്കൂൾ കലോത്സവങ്ങളും 20 അരങ്ങേറ്റങ്ങളുമാണ് ഈ സീസണിൽ നഷ്ടമായത്. നവംബർമുതൽ അടുത്ത സീസണും ആരംഭിക്കാനിരിക്കെ അതും കോവിഡ് വ്യാധിയിൽ മുടങ്ങാനാണ് സാധ്യതയെന്നും ഇവർ പറയുന്നു. 250 വേദികളിൽ ഒരേ സമയം ഏകദേശം 800 കലാകാരൻമാർക്ക് അണിയാനുള്ള വസ്ത്രങ്ങളും മേക്കപ്പ് വസ്തുക്കളുമാണ് ഇവരുടെ കൈവശമുള്ളത്. ലക്ഷങ്ങൾ വില പിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കുന്നതുതന്നെ ഭാരിച്ച ഉത്തരവാദിത്തമാണ്‌. രണ്ടു മുറികൾ വാടകക്കെടുത്താണ് ഇവ സൂക്ഷിക്കുന്നത്. ഇതിന്റെ വാടകയും വൈദ്യുതി ചാർജും സൂക്ഷിപ്പുമെല്ലാമായി കനത്ത ബാധ്യതയിലാണിവർ. Read on deshabhimani.com

Related News