ഫ്യൂഷൻ വിസ്‌മയവുമായി മട്ടന്നൂരും ഉള്ള്യേരിയും

മട്ടന്നൂരിന്റെയും ഉള്ള്യേരിയുടെയും നേതൃത്വത്തിലുള്ള സംഗീത ബാൻഡ്


    പാലക്കാട്‌ വാദ്യകുലപതി മട്ടന്നൂർ ശങ്കരൻകുട്ടിയും കീബോർഡ് മാന്ത്രികൻ പ്രകാശ് ഉള്ള്യേരിയും ഒന്നിക്കുമ്പോൾ സദസ്സ് ഇളകിമറിയാറുണ്ട്. ജനപ്രിയ സംഗീതത്തിന്റെ ചേരുവ ചേരുംപടി ചേർത്തുള്ള അവതരണം ആസ്വാദക ഹൃദയം കവരുന്നതാണ്. വല്ലപ്പോഴും മാത്രം അരങ്ങിലെത്താറുള്ള ഈ ഹിറ്റ് കൂട്ടുകെട്ട് സ്ഥിരം സംഗീത ബാൻഡായി ഇനി ആസ്വാദക ഹൃദയങ്ങളിലേക്ക്‌.  ബാൻഡിന്റെ പേര്‌ നിർദേശിക്കാനുള്ള അവസരം സംഗീത പ്രേമികൾക്ക്‌ വിട്ടിരിക്കുകയാണ്‌. ധോണി ലീഡ്‌കോളേജിൽ പരിശീലനം ആരംഭിച്ചു.  മട്ടന്നൂരുമായുള്ള കാൽ നൂറ്റാണ്ടിന്റെ സൗഹൃദമാണ്‌ ഈ സംരംഭത്തിലെത്തിച്ചതെന്ന് പ്രകാശ് ഉള്ള്യേരി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമായി നിരവധി സംഗീത പരിപാടികൾ ഞങ്ങൾ നടത്തിയിട്ടുണ്ട്. ഈ അനുഭവം കൂടിയാണ്‌ ബാൻഡ് ഒരുക്കുന്നതിന് പിന്നിലെന്ന്‌ പ്രകാശ്‌ ഉള്ള്യേരി പറഞ്ഞു.  ചെണ്ട, മദ്ദളം, തിമില, ഇലത്താളം എന്നിവയെ കീ ബോർഡ്‌, ഗിത്താർ, വയലിൻ, ഡ്രംസ്‌ എന്നിവയുമായി സംയോജിപ്പിക്കുന്നതാണ് പുതിയ  ഫ്യൂഷൻ. ലെവംഗി, ചാരുകേശി, ഷൺമുഖപ്രിയ, മധുവന്തി എന്നിങ്ങനെ അപൂർവ രാഗങ്ങളാണ്‌ ഇതിനായി ഉപയോഗിച്ചത്‌. പഴമയുടെ സൗന്ദര്യം നിലനിർത്തി എല്ലാ വിഭാഗം ആസ്വാദകർക്കും ഇഷ്ടപ്പെടുന്ന ട്രെൻഡി വിഭവങ്ങളാണ് തയ്യാറാകുന്നത്. ഒന്നര മണിക്കൂറാണ് പരിപാടിയെന്നും പ്രകാശ് ഉള്ള്യേരി പറഞ്ഞു. കോവിഡിൽ താളം തെറ്റിയ കലാകാരന്മാരുടെ ജീവിതം തിരിച്ചുപിടിക്കാൻ ഈ സംഗീത ബാൻഡ് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മട്ടന്നൂർ ശങ്കരൻകുട്ടി പറഞ്ഞു.  വിവിധ വാദ്യോപകരണങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മറ്റ് പ്രതിഭകളും ബാൻഡിൽ ഒന്നിക്കുന്നുണ്ട്.   മട്ടന്നൂരിനൊപ്പം മക്കളായ ശ്രീകാന്തും ശ്രീരാജും അണിനിരക്കും. പ്രകാശ്‌ ഉള്ള്യേരിയാണ് കീബോർഡ്‌ കൈകാര്യം ചെയ്യുക. തൃശൂർ പൂരത്തിന്‌ തിരുവമ്പാടി ദേശത്തിന്റെ പ്രമാണി കോട്ടയ്‌ക്കൽ രഘുവാണ്‌ മദ്ദളം.  ഒറ്റപ്പാലം ഹരി തിമിലയും മട്ടന്നൂർ അജിത് മാരാർ ഇലത്താളവും മഹേഷ്‌ മണി തബലയും പി എസ്‌ അഭിജിത്‌ വയലിനും ഋഷികേശ്‌ ഡ്രമ്മും അനീഷ്‌ ഗിറ്റാറുമാണ്‌ കൈകാര്യം ചെയ്യുന്നത്. Read on deshabhimani.com

Related News