പേവിഷബാധ: വിദ്യാർഥിനിയുടെ 
മരണത്തിൽ അന്വേഷണം ആരംഭിച്ചു



  സ്വന്തം ലേഖകൻ പാലക്കാട്  വിദ്യാർഥിനി പേ വിഷബാധ മൂലം മരിക്കാനിടയായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി വീണ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ജില്ലാ സർവൈലൻസ് ഓഫീസറുടെ നേതൃത്വത്തിൽ ദ്രുതകർമ സേന രൂപീകരിച്ചാണ് അന്വേഷണം. ആരോഗ്യവകുപ്പ് വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. നായകടിയേറ്റ മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ ശ്രീലക്ഷ്മി വ്യാഴാഴ്ചയാണ്‌ മരിച്ചത്‌. സംസ്ഥാനത്ത് ഈ വർഷം പേവിഷബാധ സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 13 ആയി.  ചികിത്സ വൈകരുത് പട്ടി കടിച്ചാൽ ചികിത്സ വൈകരുത്. പ്രാഥമികാശുപത്രി മുതൽ ജില്ലാ ആശുപത്രിവരെയുള്ള സർക്കാർ ആശുപത്രികളിൽ പ്രതിരോധ കുത്തിവയ്‌പ്പുണ്ട്. ജില്ലയിൽ വിവിധ ആശുപത്രികളിൽ മൃഗങ്ങളുടെ കടിയേറ്റ് 150 മുതൽ 200 പേർവരെ വാക്സിനെടുക്കാൻ എത്തുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ജില്ലാ ആശുപത്രിയിൽ മാത്രം 70 മുതൽ 80 പേരെത്തുന്നു. ഇൻട്രോ ഡെർമൽ റാബിസ് വാക്സിൻ, ആന്റി റാബിസ് സിറം എന്നീ പ്രതിരോധ വാക്സിനുകൾ ലഭ്യമാണ്. മൃഗങ്ങൾ കടിച്ചാൽ മാത്രമേ പേവിഷബാധയുണ്ടാകൂ, വളർത്തുനായ കടിച്ചാൽ പേവിഷബാധയുണ്ടാകില്ല, എന്തെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ മാത്രം ചികിത്സതേടിയാൽ മതി എന്ന തെറ്റിദ്ധാരണമാറ്റി യഥാസമയം ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.  കാറ്റഗറിയനുസരിച്ച് പ്രതിരോധം പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളെ തൊടുക, അവയ്ക്ക് ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ വൈറസ് ബാധയേൽക്കാനുള്ള സാധ്യത ഇല്ലാത്തതിനാൽ പ്രതിരോധ കുത്തിവയ്‌പ്പ്‌ നൽകേണ്ടതില്ല. ഇത് കാറ്റഗറി ഒന്നിൽ ഉൾപ്പെടും. സ്പർശനം ഉണ്ടായ ശരീരഭാഗം നന്നായി ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ സോപ്പുപയോഗിച്ചു പതിനഞ്ചു മിനിറ്റ് കഴുകിയാൽ മതിയാകും. തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ എന്നിവയെ കാറ്റഗറി രണ്ടിലാണ്. ഇത്തരം കേസുകളിൽ പ്രതിരോധ കുത്തിവയ്‌പ്പ്‌ വേണം. രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുത്ത് നക്കുക, ചുണ്ടിലോ വായിലോ നാക്കിലോ കണ്ണിലോ നക്കുക, കാട്ടുപൂച്ച, കടുവ, കരടി, പുലി, ചെന്നായ തുടങ്ങി വിവിധ വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ ഏറെ അപകട സാധ്യതയുള്ളതിനാൽ കാറ്റഗറി മൂന്നിൽ ഉൾപ്പെടുത്തിയാണ് ചികിത്സ.  പേവിഷബാധ 
ലക്ഷണങ്ങൾ തലവേദന, ക്ഷീണം, നേരിയ പനി, കടിയേറ്റ ഭാഗത്ത്‌ അനുഭവപ്പെടുന്ന വേദനയും തരിപ്പുമാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് വെളിച്ചം, വായു, വെള്ളം എന്നിവയോടുള്ള ഭയം ഉണ്ടാകുന്നു. സാധാരണ ഗതിയിൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ രണ്ട് മുതൽ  മൂന്ന് മാസം വരെ എടുക്കും. ചിലപ്പോൾ അത് ഒരാഴ്ച മുതൽ ഒരുവർഷം വരെയാകാം. Read on deshabhimani.com

Related News