ഇനി പഠനോത്സവം...



പാലക്കാട്‌ രണ്ടുമാസത്തെ അവധിക്കും കളിയാരവത്തിനും വിട പറഞ്ഞ്‌ കുട്ടികൾ വിദ്യാലയങ്ങളിലേക്ക്‌, ഇനി പഠനോത്സവം. വരവേൽക്കാൻ അലങ്കരിച്ച സ്‌കൂൾ മുറ്റവും ചിത്രങ്ങൾ കഥപറയുന്ന ചുവരുകളും ഒരുങ്ങി. ഒന്നുമുതൽ പത്തുവരെയുള്ള 7,27,581 വിദ്യാർഥികളാണ്‌ വ്യാഴാഴ്‌ച സ്‌കൂളുകളിലെത്തുക. 8,113 കുട്ടികളാണ്‌ ഒന്നാംക്ലാസിൽ പ്രവേശനം നേടിയത്‌. 333 സർക്കാർ, 585 എയ്ഡഡ്, 84 അൺ എയ്ഡഡ്, മൂന്ന്‌ ടെക്‌നിക്കൽ എന്നിങ്ങനെ ജില്ലയിൽ 1006 സ്‌കൂളുകളുണ്ട്‌. മികച്ച പഠനാന്തരീക്ഷം ഒരുക്കാൻ സ്‌കൂൾ കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും കാര്യക്ഷമത ഉറപ്പു വരുത്തിയിട്ടുണ്ട്‌. നിലവിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കിട്ടാത്ത സ്‌കൂളുകൾ രണ്ട് ദിവസത്തിനകം ഉറപ്പാക്കാൻ നടപടിയെടുക്കും. പിടിഎ നേതൃത്വത്തിൽ അധ്യാപക, വിദ്യാർഥി, യുവജന സംഘടനകളുമായി സഹകരിച്ച്‌ സ്‌കൂളുകൾ ശുചീകരിച്ചു. വൃത്തിയുള്ള ശുചിമുറികളും മികച്ച കുടിവെള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്‌. പരിസ്ഥിതി ദിനത്തിൽ എല്ലാ സ്‌കൂളും ശുചീകരിക്കും. മാലിന്യം ശേഖരിക്കാൻ  ഹരിത കർമസേനകളുടെ പ്രവർത്തനവും തുടങ്ങും. വിദ്യാർഥികൾക്ക്‌ യൂണിഫോം ലഭിച്ചു. സ്‌കൂളുകളിലെത്തിയ പുസ്തകങ്ങൾ  വ്യാഴം, വെള്ളി ദിവസങ്ങളിൽ നൽകും. ആദ്യ ദിനം മുതൽ ഉച്ചഭക്ഷണവും വിളമ്പും. ലഹരി വേണ്ട സ്‌കൂൾ തുറക്കുന്നതിനൊപ്പം സജീവമാകുന്ന ലഹരി മാഫിയക്കെതിരെ അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും കൃത്യമായ ജാഗ്രത പുലർത്തണം. പിടിഎ യോഗങ്ങൾ ചേർന്ന്‌ രക്ഷകർത്താക്കൾക്ക്‌ ക്ലാസ്‌ നൽകിയിട്ടുണ്ട്‌. പൊലീസ്‌, എക്‌സൈസ്‌ വിഭാഗങ്ങൾ  വിദ്യാർഥികൾക്കിടയിലും ബോധവൽക്കരണം നടത്തും. ലഹരിക്കെതിരെ സ്‌കൂളുകളിൽ ജാഗ്രത സമിതികൾ പ്രവർത്തിക്കും. ഹൈടെക് സ്‌കൂളുകൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളിൽ മികച്ച സൗകര്യങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. മനോഹരമായ ക്ലാസ്‌ മുറികളും ലാബുകളും മറ്റ്‌ അടിസ്ഥാന സൗകര്യങ്ങളുമൊക്കെയായി അന്താരാഷ്‌ട്ര നിലവാരമുള്ള സ്‌കൂളുകളാണുള്ളത്‌. കിഫ്‌ബി, പ്ലാൻ ഫണ്ടുകൾ ഉപയോഗിച്ചാണ്‌ സ്‌കൂളുകൾ നിർമിച്ചത്‌.   പ്രവേശനോത്സവം മലമ്പുഴ 
ജിവിഎച്ച്എസ്എസില്‍  പാലക്കാട്‌ ജില്ലാ പ്രവേശനോത്സവം വ്യാഴം രാവിലെ പത്തിന്‌ മലമ്പുഴ ജിവിഎച്ച്എസ്എസില്‍ നടക്കും. മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ  കൃഷ്ണന്‍കുട്ടി അധ്യക്ഷനാവും.  വി കെ ശ്രീകണ്ഠന്‍ എംപി നവാഗതരെ സ്വീകരിക്കും. എ പ്രഭാകരന്‍ എംഎല്‍എ സൗജന്യ പാഠപുസ്തക വിതരണം നടത്തും.     ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ സൗജന്യ യൂണിഫോം വിതരണവും കലക്ടര്‍ ഡോ. എസ് ചിത്ര പ്രതിഭകളെ ആദരിക്കലും ഉദ്‌ഘാടനം ചെയ്യും.   Read on deshabhimani.com

Related News