ക്രമീകരണം പൂര്‍ത്തിയായി സൗജന്യ റേഷന്‍ വിതരണം ഇന്നുമുതൽ



  പാലക്കാട് കോവിഡ് കാലത്തേക്ക്‌ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണത്തിന് ജില്ലയിലെ റേഷൻ കടകളിൽ ക്രമീകരണങ്ങളായി. ബുധനാഴ്‍ച മുതൽ ജില്ലയിലെ എല്ലാ റേഷൻകടകളിലും അരി ലഭിക്കും.  800 റേഷൻകാർഡിന് മുകളിലുള്ള റേഷൻകടകളിൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കും. ഒരു റേഷൻകടയിൽ ഒരു സമയം അഞ്ചുപേർ മാത്രം എത്താവുന്ന രീതിയിലാണ് ക്രമീകരണം.  ഇതിനായി കട ഉടമയ്‍ക്ക് ടോക്കൺ വ്യവസ്ഥ ഏർപ്പെടുത്താം. കൂടുതൽ ക്രമീകരണം ആവശ്യമുണ്ടെങ്കിലും കട ഉടമയ്‍ക്ക് സ്വീകരിക്കാം. അരി വീടുകളിൽ എത്തിച്ച് നൽകാനും ചില റേഷൻകട ഉടമകൾക്ക് ആലോചനയുണ്ട്. കൃത്യമായ അകലം പാലിച്ച് മാത്രമേ ആളുകളെ റേഷൻ കടയിലേക്ക് പ്രവേശിപ്പിക്കാവൂ.  മഞ്ഞ കാർഡ് ഉള്ളവർക്ക് 35 കിലോ അരിയും പിങ്ക് കാർഡ് ഉള്ളവർക്ക് ഒരംഗത്തിന് അഞ്ച് കിലോ വീതവും ലഭിക്കും. വെള്ള, നീല കാർഡ് ഉടമകൾക്ക് 15 കിലോ ആണ് ലഭിക്കുക. നിലവിൽ കൂടുതൽ അരി ലഭിക്കുന്ന നീല കാർഡുകാർക്ക് അത് തുടരും. രാവിലെ ഒമ്പത് മുതൽ ഒന്നുവരെ മഞ്ഞ, പിങ്ക് കാർഡുള്ളവർക്കും രണ്ട് മുതൽ അഞ്ച് വരെ നീല, വെളള കാർഡുകാർക്കും റേഷൻ വാങ്ങാൻ എത്താം. ഓരോ കാർഡുകാരും നിശ്ചയിച്ച സമയത്ത് മാത്രമേ റേഷൻകടയിൽ എത്താവൂ. ‌ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യകിറ്റ് ഈ ആഴ്‍ച ജില്ലയിൽ വിതരണം ചെയ്യും.   സിവിൽ സപ്ലൈസ് എത്തിക്കുന്ന ഭക്ഷ്യകിറ്റ് റേഷൻകടകൾ വഴിയാണ് വിതരണം ചെയ്യുക. അതിനും അരി വിതരണത്തിലെ ക്രമീകരണം ബാധകമാണ്. ഈ മാസം 20 വരെ അരിവിതരണം തുടരും.   Read on deshabhimani.com

Related News