വളർത്തുനായയെ കടിച്ചുകൊന്നു



മണ്ണാർക്കാട്  തത്തേങ്ങലത്ത് വീണ്ടും പുലിയിറങ്ങി വളർത്തുനായയെ കടിച്ചുകൊന്നു. തിങ്കളാഴ്ച രാത്രി തെങ്കരയിലെ തത്തേങ്ങലം പുളിഞ്ചോട്ടിൽ മണികണ്ഠന്റെ വീട്ടിലെ നായയെയാണ് കൊന്നത്. കൊന്നത് പുലിയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ബഹളം കേട്ട് പുറത്തിറങ്ങിയപ്പോൾ നായയെ ഉപേക്ഷിച്ച് പുലി ഓടി മറഞ്ഞെന്ന് വീട്ടുകാർ പറഞ്ഞു. നായയെ ആക്രമിച്ച രീതിയും കാൽപ്പാടുകളും പരിശോധിച്ചാണ് പുലിയാണെന്ന് സ്ഥിരീകരിച്ചതെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ സുബൈർ പറഞ്ഞു. രണ്ടാഴ്ചമുമ്പ് തത്തേങ്ങലം റോഡിൽ രണ്ട് കുഞ്ഞുങ്ങളോടൊപ്പം പുള്ളിപ്പുലിയെ കാർ യാത്രക്കാർ കണ്ടിരുന്നു. തുടർന്ന് വനപാലകരെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. വനാതിർത്തിയോട് ചേർന്ന് കൂട് സ്ഥാപിച്ചെങ്കിലും പുലി കുടുങ്ങിയിട്ടില്ല. രണ്ട് ദിവസംമുമ്പ്‌ കോട്ടോപ്പാടം കണ്ടമംഗലം കുന്തിപ്പാടത്ത് കോഴിക്കൂട്ടിലെ കമ്പിയിൽ കാൽ കുരുങ്ങിയ ആൺപുലി ചത്തിരുന്നു. വനാതിർത്തി ഗ്രാമങ്ങളിൽ കൂടുതൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ച് പുലിയുടെ സാന്നിധ്യം കൃത്യമായി മനസിലാക്കണമെന്നും മലയോര നിവാസികളെ വന്യമൃഗങ്ങളിൽനിന്ന് സുരക്ഷിതരാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പുലിയുടെ നിരന്തര സാന്നിധ്യം വന്നതോടെ തത്തേങ്ങലം അടക്കമുള്ള മണ്ണാര്‍ക്കാട് മേഖല പുലി ഭീതിയിലാണ്. കൂടുതല്‍ സ്ഥലത്ത് കൂട് സ്ഥാപിച്ചോ മയക്കുവെടിവച്ചോ പുലിയെ പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.   Read on deshabhimani.com

Related News