ചരിത്ര കോൺഗ്രസിലെ പ്രതിഷേധം : സ്വകാര്യ അന്യായം ക്രമപ്രകാരമോയെന്ന്‌ 
പരിശോധിക്കണം: ഹൈക്കോടതി



കൊച്ചി കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിലെ പ്രതിഷേധത്തിന്റെ പേരിൽ പൊലീസ് കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്‌ കോടതിയിൽ ഫയൽ ചെയ്ത സ്വകാര്യ അന്യായം ക്രമപ്രകാരമാണോ എന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച് പരിശോധന നടത്താൻ ഹൈക്കോടതി രജിസ്ട്രാറോട്‌ ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ നിർദേശിച്ചു. സ്വകാര്യ അന്യായത്തോടൊപ്പം സത്യവാങ്മൂലം ഫയൽ ചെയ്തിട്ടില്ലെന്നും അതിനാൽ ഇത് നിയമപരമായി നിലനിൽക്കില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചതിനെ തുടർന്നാണ്‌ കോടതിനിർദേശം. ഗവർണറുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്‌ കോടതിയിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ല എന്നാണ് ഹർജിക്കാരന്റെ പരാതി. എന്നാൽ, മജിസ്ട്രേട്ട്‌ കോടതിയിൽ നൽകിയെന്ന് പറയപ്പെടുന്ന സത്യവാങ്മൂലം ഹൈക്കോടതിയിലെ പരാതിയോടൊപ്പം സമർപ്പിച്ചിട്ടില്ലെന്ന്‌ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 2019ൽ നടന്നതായി ആരോപിക്കപ്പെടുന്ന സംഭവത്തിൽ 2022ൽ ഹർജിയുമായി വന്നതിൽ ദുരൂഹതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ലോയേഴ്സ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റായ പരാതിക്കാരന്‌ സത്യവാങ്മൂലത്തിന്റെ പകർപ്പുപോലും ഹാജരാക്കാനായില്ല. പരാതിക്കാരന്റെ ആവശ്യപ്രകാരം സ്വകാര്യ അന്യായത്തിൽ തുടർനടപടികൾ തടഞ്ഞ് കോടതി ഉത്തരവിട്ടു. കേസ് വീണ്ടും പരിഗണിക്കാൻ മാറ്റി. Read on deshabhimani.com

Related News