മത്സ്യത്തൊഴിലാളികൾക്ക്‌ ധനസഹായം ; തൊഴിൽ നഷ്ടത്തിന്‌ 50 കോടി



തിരുവനന്തപുരം അതിതീവ്ര ന്യൂനമർദ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന്‌ കടലിൽ പോകാൻ കഴിയാതിരുന്ന മത്സ്യത്തൊഴിലാളികൾക്ക്‌ സർക്കാരിന്റെ ധനസഹായം. പ്രതിദിനം 200 രൂപ വീതം 50.027 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ഏപ്രിൽ, മെയ്‌, ജൂലൈ മാസങ്ങളിൽ  45 ദിവസം കടലിൽ പോകാൻ കഴിയാതിരുന്നവർക്കാണ്‌ സഹായം. ഈ ദിവസങ്ങളിലെ തൊഴിൽ നഷ്ടത്തിന് 1,66,756 സമുദ്ര- അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ധനസഹായം ലഭ്യമാകുക. കഴിഞ്ഞ കാലവർഷക്കെടുതിയിൽ ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം വില്ലേജിൽ പാടശേഖരത്തിലെ മട വീണ് വീടും സ്ഥലവും ഒലിച്ചുപോയ ഓമനക്കുട്ടൻ, ജയകുമാർ എന്നിവരെ പുനരധിവസിപ്പിക്കാൻ ധനസഹായം അനുവദിച്ചു. സ്ഥലം വാങ്ങി വീട് വയ്‌ക്കുന്നതിന് സംസ്ഥാന ദുരന്തപ്രതികരണനിധി വിഹിതത്തിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ 18,09,800 രൂപയും അനുവദിക്കും. കോഴിക്കോട് കരുവട്ടൂർ പഞ്ചായത്തിലെ പോലൂർ വില്ലേജിലെ ബിജുവിന്റെ വീട്ടിൽ അസാധാരണ ശബ്‌ദം കേൾക്കുകയും ചുവരുകൾ വിണ്ടുകീറുകയും ചെയ്യുന്ന പ്രതിഭാസത്തിന് പരിഹാരം കാണാൻ ദുരന്തനിവാരണ അതോറിറ്റി ശുപാർശ ചെയ്ത പ്രവൃത്തികൾ ചെയ്യാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് പണം അനുവദിക്കും. സോയിൽ പൈപ്പിങ് പ്രതിഭാസംമൂലം വീടിന് നാശനഷ്ടമുണ്ടായപ്പോൾ കണ്ണൂർ ജില്ലയിലെ രാഘവൻ വയലേരിക്ക് നൽകിയതിന്‌ സമാനമായാണ്‌ തുക അനുവദിക്കുക. പരമാവധി നാലു ലക്ഷം രൂപയോ യഥാർഥത്തിൽ ചെലവാകുന്ന തുകയോ അനുവദിക്കും. Read on deshabhimani.com

Related News