സമരത്തിൽ ആൾക്കൂട്ടം വേണ്ട: ഹൈക്കോടതി



സമരം നടത്തുന്ന രാഷ്ട്രീയപാർടികളും സംഘടനകളും കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാരിനും കോടതി നിർദേശം നൽകി. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് രാഷ്‌‌ട്രീയപാർടികൾ നടത്തുന്ന സമരവും പ്രതിഷേധവും തടയണമെന്ന ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. നിയന്ത്രണ കാലയളവിൽ എത്ര സമരങ്ങളും പ്രതിഷേധങ്ങളും നടന്നു എന്നും അതിലെത്ര കേസുകൾ എടുത്തുവെന്നും സർക്കാർ ബുധനാഴ്ച കോടതിയെ അറിയിക്കണം. കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ സംഘം ചേർന്നുള്ള പ്രതിഷേധവും സമരവും സ്ഥിതി ഗുരുതരമാക്കുമെന്നും രാഷ്‌ട്രീയപാർടികൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ജോൺ നമ്പേലിയാണ്‌ പൊതുതാൽപ്പര്യഹർജി നൽകിയത്‌.നിയന്ത്രണം പാലിക്കാൻ രാഷ്ട്രീയപാർടികൾക്കും അണികൾക്കും  ഉത്തരവാദിത്തമുണ്ടെന്ന് സർക്കാർ അറിയിച്ചു. സംഘടനകൾ നടത്തുന്ന കൂട്ടംചേർന്നുള്ള പ്രതിഷേധം രോഗം പകരാൻ ഇടയാക്കും. പ്രതിഷേധത്തിന്റെ പേരിൽ മറ്റു പൗരന്മാരുടെ മൗലികാവകാശം ലംഘിക്കാൻ ആർക്കും അവകാശമില്ലെന് അഡീഷണൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത് തമ്പാൻ വ്യക്തമാക്കി. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ, കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ, തെരഞ്ഞെടുപ്പ് കമീഷൻ എന്നിവരാണ് എതിർകക്ഷികൾ. Read on deshabhimani.com

Related News