സ്മാർട്ട്‌ മീറ്റർ പൊതുമേഖലയിൽത്തന്നെ ; ഫലം കാണുന്നത്‌ ഇടതു സംഘടനകളുടെ പ്രതിഷേധം



തിരുവനന്തപുരം കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണനയം നടപ്പാക്കാനുള്ള മാർഗമാണ് സ്മാർട്ട്‌ മീറ്റർ എന്ന ഇടതു സംഘടനകളുടെ നിരന്തരവാദവും പ്രതിഷേധവുമാണ്‌ സ്വന്തമായി പദ്ധതി നടപ്പാക്കുകയെന്ന തീരുമാനത്തിലേക്ക്‌ കെഎസ്‌ഇബിയെ നയിച്ചത്‌. സംസ്ഥാനത്ത് രണ്ടു ഘട്ടത്തിലായി സ്മാർട്ട്‌ മീറ്റർ പദ്ധതി നടപ്പാക്കുമെന്ന വൈദ്യുതിമന്ത്രി കെ കൃഷ്‌ൺകുട്ടിയുടെ പ്രസ്താവനയിൽ വ്യക്തത വരുത്തണമെന്ന് കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷനും ഓഫീസേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു. സ്വകാര്യകമ്പനിയുമായി കരാറിലേർപ്പെടുന്നതിനെ ശക്തമായി എതിർത്തു. വൈദ്യുതിനിയമം ഭേദഗതിചെയ്ത് വിതരണം സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുമ്പോൾ അവർക്ക് സൗകര്യം ലഭിക്കാൻ അതിവേഗ സ്മാർട്ട്‌ മീറ്ററുകൾ സ്ഥാപിക്കണമെന്ന കേന്ദ്ര സർക്കാർ ആശയമാണ്‌ ഇതിലൂടെ നടപ്പാകുകയെന്ന്‌ സംഘടനകൾ ഉന്നയിച്ചു. സ്മാർട്ട്‌ മീറ്റർ പൊതുമേഖലയിൽ കെഎസ്ഇബിതന്നെ നേരിട്ട് സ്ഥാപിക്കണമെന്ന്‌ സംയുക്തമായി ആവശ്യപ്പെട്ടു. തുടർന്നാണ്‌ കെഎസ്‌ഇബി ഇക്കാര്യം പരിഗണിച്ചതും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ വിദ​ഗ്ധ സമിതി രൂപീകരിച്ചതും. ഡിജിറ്റൽ സർവകലാശാല വിസി സജി ​ഗോപിനാഥ്, സ്റ്റാർട്ടപ്‌ മിഷൻ സിഇഒ അനൂപ് അംബിക, കെഎസ്ഇബി ഐടി വിഭാ​ഗം ഡയറക്ടർ സി സുരേഷ് കുമാർ, കെഎസ്ഇബി ചീഫ് എൻജിനിയർ‌‌ എം എ പ്രവീൺ എന്നിവർ അം​ഗങ്ങളായ സമിതിയാണ് രൂപീകരിച്ചത്. പദ്ധതി നടത്തിപ്പിന്‌ തെരഞ്ഞെടുത്ത സ്വകാര്യ കമ്പനിയെ ഒഴിവാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കെഎസ്‌ഇബി തീരുമാനമെടുക്കണം. സി–- ഡാക്കിന്റെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പൊതുമേഖലയിൽത്തന്നെ എങ്ങനെ പദ്ധതി നടപ്പാക്കാമെന്നും കേന്ദ്രസഹായം നഷ്ടമാകുന്നത്‌ തടയുന്നതുമടക്കം വിദഗ്ധ സമിതി പരിശോധിക്കും. 28ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണം. Read on deshabhimani.com

Related News