സാങ്കേതിക സർവകലാശാലയിൽ ഗവേഷണപ്രവർത്തനങ്ങൾ മുടങ്ങി ; താൽക്കാലിക വിസിക്കെതിരെ സിൻഡിക്കേറ്റ്‌ അംഗങ്ങൾ



തിരുവനന്തപുരം സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ്‌ ചാൻസലർ ഡോ. സിസ തോമസ്‌ അധ്യാപകരെ ഗൈഡുമാരാക്കാത്തതിനാൽ ഗവേഷണപ്രവർത്തനങ്ങൾ താളംതെറ്റുന്നതായി സിൻഡിക്കറ്റ്‌ അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.ജനുവരിയിലെ പിഎച്ച്‌ഡി രജിസ്ട്രേഷൻ മുടങ്ങി. സിൻഡിക്കറ്റിന്റെയും ബോർഡ് ഓഫ് ​ഗവേണേഴ്സിന്റെയും തീരുമാനങ്ങൾ നടപ്പാക്കുന്നില്ല. സിൻഡിക്കറ്റ് യോഗത്തിന്റെ മിനിറ്റ്സ് ഒന്നര മാസം പിന്നിട്ടിട്ടും അംഗീകരിക്കുന്നില്ല. ​ഗവർണറും സർവകലാശാലയും തമ്മിൽ പ്രശ്നമുണ്ടെന്ന് വരുത്തിത്തീർക്കുന്നു. സർവകലാശാലയിലെ ഭരണസ്തംഭനം ഒഴിവാക്കാൻ സർക്കാർ ഇടപെടണം. വിസിയുടെ നടപടികൾ കാരണം സർവകലാശാല ബജറ്റ് വൈകുന്നു. ക്യാമ്പസ് വികസനം മുടങ്ങി. ആഗസ്തിൽ ആരംഭിക്കേണ്ട അക്കാദമിക വർഷത്തിൽ പുതിയ സിലബസ്‌ പ്രകാരം ക്ലാസുകൾ തുടങ്ങാൻ നടപടി എടുത്തിട്ടില്ല. സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷകൾ ഉപേക്ഷിച്ചതോടെ ആയിരക്കണക്കിനു കുട്ടികളുടെ ബിടെക് മോഹം അസ്തമിച്ചു. ഓൺ സ്ക്രീൻ മാർക്കിങ്‌, ഓൺലൈൻ പരീക്ഷ എന്നിവ അട്ടിമറിച്ചു. ബിരുദസർട്ടിഫിക്കറ്റുകൾക്ക്‌ പുറമെ പിഎച്ച്ഡി ബിരുദ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യാനാകാതെ പ്രതിസന്ധിയിലാണ്‌. വിവിധ തസ്തികകളിലേക്കുള്ള ഡെപ്യൂട്ടേഷൻ നിയമനം നടക്കുന്നില്ലെന്നും അംഗങ്ങൾ പറഞ്ഞു. ഡോ. സിസയുടെ കീഴിൽ ​ഗവേഷണം നടത്തിയിരുന്ന വിദ്യാർഥിയുടെ പരാതിയിൽ നടന്ന അന്വേഷണത്തെതുടർന്ന് ഇവരെ സൂപ്പർ‌വൈസറി ചുമതലയിൽനിന്ന് സിൻഡിക്കറ്റ് മാറ്റിയിരുന്നു. ഇതിന്റെ വൈരാ​ഗ്യം തീർക്കുന്നതുപോലെയുള്ള പ്രവർത്തനങ്ങളാണ് വിസി നടത്തുന്നതെന്നും   വാർത്താസമ്മേളനത്തിൽ പങ്കെടുത്ത  പ്രൊഫ. സഞ്ജീവ് ജി, ഡോ. വിനോദ് കുമാർ ജേക്കബ്, ഡോ. ജമുന, അഡ്വ. ഐ സാജു എന്നിവർ ആരോപിച്ചു. തെറ്റിദ്ധാരണ 
പരത്തുന്നുവെന്ന്‌ വിസി തന്റെ അനുമതിയില്ലാതെ ചില സിൻഡിക്കറ്റ്‌ അംഗങ്ങൾ വാർത്താസമ്മേളനം നടത്തി തെറ്റിദ്ധാരണ പരത്തിയെന്ന്‌ വിസി ഡോ. സിസ തോമസ്‌ പ്രസ്താവനയിൽ പറഞ്ഞു. സർവകലാശാലയിൽ ഭരണസ്തംഭനമില്ലെന്നും  സിൻഡിക്കറ്റിന്റെയും ബോർഡ് ഓഫ് ​ഗവേണേഴ്സിന്റെയും തീരുമാനങ്ങൾ നടപ്പാക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. Read on deshabhimani.com

Related News