കാലാവസ്ഥ ചതിച്ചു ; കടലിൽ പോകാനാകാതെ തൊഴിലാളികൾ



കൊച്ചി ട്രോളിങ് നിരോധനം പിൻവലിച്ചിട്ടും ദുരിതം ഒഴിയാതെ മത്സ്യത്തൊഴിലാളികൾ. മോശമായ കാലാവസ്ഥമൂലം കടലിൽ പോകാനാകാത്തതും മീൻ കുറഞ്ഞതും മതിയായ വില ലഭിക്കാത്തതും ഇവരെ പ്രതിസന്ധിയിലാക്കി. ചെലവും ഉയർന്നു. ജൂലൈ മുപ്പത്തൊന്നിനാണ്‌ സംസ്ഥാനത്ത്‌ ട്രോളിങ്‌ നിരോധനം പിൻവലിച്ചത്‌. 52 ദിവസത്തെ കാത്തിരിപ്പിനുശേഷം തൊഴിലാളികൾ കടലിൽ ഇറങ്ങാൻ തയ്യാറെടുത്തപ്പോഴാണ്‌ കാലാവസ്ഥ ചതിച്ചത്‌. ആഗസ്ത്‌ ഒന്നുമുതൽ കാലാവസ്ഥയിൽ വലിയ മാറ്റം വന്നു. കടലിൽ പോകുന്നതിന്‌ നിരോധനം ഏർപ്പെടുത്തി. ട്രോളിങ്ങിനുശേഷമുള്ള ചാകരയും ഉണ്ടായില്ല. മത്തി, അയല തുടങ്ങിയ മീൻ ഇല്ലാത്തതും നിരാശയായി. താരതമ്യേന വില കുറഞ്ഞതും അധികം ആവശ്യക്കാർ ഇല്ലാത്തതുമായ കിളിമീനാണ്‌ ഇപ്പോൾ വള്ളങ്ങൾക്ക്‌ ലഭിക്കുന്നത്‌. മാർക്കറ്റിൽ കിലോയ്‌ക്ക്‌ 300 മുതൽ 350 രൂപവരെയാണ്‌  കിളിമീനിന്‌ വില. എന്നാൽ, ബോട്ടുകാർക്ക്‌ ലഭിക്കുന്നത്‌  30 മുതൽ 40 രൂപവരെ. വലുതാണെങ്കിൽ 140 വരെ കിട്ടും വർധിച്ച ചെലവ്‌ മേഖലയെ ശ്വാസംമുട്ടിക്കാൻ തുടങ്ങിയിട്ട്‌ കാലങ്ങളായി. 40 തൊഴിലാളികൾ അടങ്ങുന്ന ഇൻബോഡ്‌ ബോട്ട്‌ കടലിൽ പോകാൻ കുറഞ്ഞത്‌ 50,000 രൂപ ചെലവുവരും. മിക്കവരും വട്ടിപ്പലിശയ്‌ക്ക്‌ പണമെടുത്താണ്‌ വള്ളമിറക്കുന്നത്‌. മീനില്ലാത്തതിനാൽ ഈ തുക പലിശസഹിതം കടമാകും. ഇതാണ്‌ പല ബോട്ടും കടലിൽ ഇറങ്ങാത്തതിന്റെ കാരണമെന്ന്‌ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ആന്റണി പറഞ്ഞു. സംസ്‌കരണ തൊഴിലാളും ഐസ്‌ കച്ചവടക്കാരുമടക്കം പ്രതിസന്ധിയിലാണ്‌. Read on deshabhimani.com

Related News