ടിപിആര്‍ ഉയരുന്നു; 17.26 %

മലപ്പുറം കൂട്ടിലങ്ങാടിയിൽ വാഹനയാത്രക്കാ‍ർക്ക് ആരോഗ്യപ്രവർത്തകർ കോവിഡ് പരിശോധന നടത്തുന്നു


 മലപ്പുറം ജില്ലയിൽ കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) ഉയരുന്നു. 17.26 ശതമാനമാണ് വെള്ളിയാഴ്ച ടിപിആർ. 3670 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3562 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. 63 പേരുടെ രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല. ആരോഗ്യ മേഖലയിലെ മൂന്നുപേർക്കും വിദേശത്തുനിന്നെത്തിയ 15 പേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 63 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. 1838 പേർകൂടി രോഗമുക്തരായി. ഇതുവരെ 3,74,360 പേരാണ്‌ ജില്ലയിൽ കോവിഡ്‌ മുക്തരായത്‌. 25,624 പേർ ചികിത്സയിലുണ്ട്‌. 749 പേർ കോവിഡ് ആശുപത്രികളിലാണ്‌. സിഎഫ്‌എൽടിസികളിൽ 470 പേരും സിഎസ്‌എൽടിസികളിൽ 148 പേരും ഡിസിസികളിൽ 418 പേരുമുണ്ട്‌.  65,696 പേർ നിരീക്ഷണത്തിലാണ്‌. ഇതുവരെ 1527 പേർ മരിച്ചു.   പരിശോധനക്ക്‌ മൊബൈൽ യൂണിറ്റുകളും മലപ്പുറം കോവിഡ്‌ പരിശോധനക്കായി മൊബൈൽ യൂണിറ്റുകൾ സജീവം. കൂടുതൽ പരിശോധനകൾ നടത്തുന്നതിന്റെ ഭാഗമായി ഏഴ്‌ മൊബൈൽ കോവിഡ്‌ പരിശോധന യൂണിറ്റ് ജില്ലയിൽ പര്യടനം നടത്തുന്നു. ടിപിആർ ഉയർന്ന തദ്ദേശ സ്ഥാപനങ്ങളിലാണ്‌  ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്‌. നാല്‌ യൂണിറ്റുകൾ ആർടിപിസിആറും മൂന്ന്‌ യൂണിറ്റുകൾ ആന്റിജൻ പരിശോധനയുമാണ്‌ നടത്തുന്നത്‌. രോഗം നേരത്തേ കണ്ടെത്തി വ്യാപനം തടയുകയാണ്‌ ലക്ഷ്യം. Read on deshabhimani.com

Related News