പാടം നിറയെ കണ്ണീർക്കതിർ



കോട്ടക്കൽ പ്രതീക്ഷയുടെ വിത്തെറിഞ്ഞ്‌ വിളവുകാത്ത കർഷകർക്ക്‌ കണ്ണീർ. നെല്ലിന്‌ കൊലവാട്ടം വന്നപ്പോൾ കതിരെല്ലാം പതിരായി. എടരിക്കോട് പുതുപ്പറമ്പ്‌, കല്ലുവെട്ടി പാടശേഖരങ്ങളിലാണ്‌ മൂപ്പെത്തിയ ഏക്കർകണക്കിന് നെൽകൃഷി പാഴായത്.  കർഷകരുടെ പരാതിയിൽ പട്ടാമ്പി നെല്ലുഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ  സ്ഥലം സന്ദർശിച്ചു. നഷ്ടപരിഹാരത്തിന്‌ ശുപാർശചെയ്യുമെന്ന്‌ അവർ പറഞ്ഞു.     പുതുപ്പറമ്പ് ദേശം പാടശേഖരസമിതിക്കുകീഴിലെ  48 കർഷകരാണ്‌ വിത്തിറക്കിയത്‌. ഉമ വിത്താണ്‌ പാകിയത്. നെല്ല് പാകമാകാൻ തുടങ്ങവേ കതിരുകളിൽ വാട്ടം കണ്ടു.  കൃഷിവകുപ്പ്‌ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ  കതിരുകളിലെ കൊലവാട്ടമാണെന്ന്‌ സ്ഥിരീകരിച്ചു. നെല്ലിന്റെ ഓലയിൽ വെളുത്ത പുള്ളി വന്ന് നിറയുമ്പോൾ  പച്ചച്ചും മണിപിടുത്തത്തിനുള്ള കഴിവും നഷ്ടപ്പെടും. കതിർ ഉണങ്ങുന്നതിനുമുമ്പെ കൊയ്തെടുത്തെങ്കിലും പാതിയിലധികം പതിരായിരുന്നു. അതിനാൽ, സപ്ലൈകോ നെല്ല് സംഭരിക്കാൻ തയ്യാറല്ല.  വൈക്കോൽ ഏറ്റെടുക്കാൻ ഫാമുകൾക്കും വിമുഖത. നേരത്തെ 150 രൂപക്ക് വിറ്റിരുന്ന വൈക്കോൽ 50 രൂപക്കാണ്  ഇപ്പോൾ ചോദിക്കുന്നത്. ട്രാക്ടർവഴി വൈക്കോൽ  കെട്ടിക്കൊടുക്കാൻതന്നെ 35 രൂപ വേണം.   നെല്ലും അരിയും വൈക്കോലും വിറ്റഴിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന്‌  പാടശേഖരസമിതി ഭാരവാഹികളായ കോഴിക്കോടൻ ഷുക്കൂർ, ഇ കെ മൂസ, കെ കെ കാസിം,നാസർ പറമ്പൻ, ടി ഹമീദ് എന്നിവർ പറഞ്ഞു.  അപേക്ഷ നൽകിയ മുഴുവൻ നെൽകർഷകർക്കും വിള ഇൻഷുറൻസ് ആനുകൂല്യം  ലഭിക്കാൻ നടപടിയെടുക്കുമെന്ന് വേങ്ങര ബ്ലോക്ക് കൃഷി അസിസ്റ്റ​ന്റ് ഡയറക്ടർ പി ഗിരിജ അറിയിച്ചു. Read on deshabhimani.com

Related News