കലിക്കറ്റ്‌ സർവകലാശാലാ ഹോസ്റ്റൽ അക്രമം: 4 പേർ അറസ്റ്റിൽ



തേഞ്ഞിപ്പലം  കലിക്കറ്റ് സർവകലാശാലാ മെൻസ് ഹോസ്റ്റൽ അടിച്ചുതകർക്കുകയും  എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെടെയുള്ള വിദ്യാർഥികളെ ആക്രമിച്ച്‌  പരിക്കേൽപ്പിക്കുകയുംചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ.  കായിക വിഭാഗം വിദ്യാർഥികളായ തൃശൂർ കാണാട്ടുകര നന്ദനം ഹൗസിൽ അരവിന്ദ് മേനോൻ (23), വയനാട് പടിഞ്ഞാറെത്തറ കൈമലയിൽ അക്ഷയ് (23), പരപ്പനങ്ങാടി ചെട്ടിപ്പടി കൊട്ടയിൽ വീട്ടിൽ അതുൽ (22), അരീക്കോട് മൈത്ര  പുതിയേക്കൽ ഹൗസിൽ അൻഷാദ് (23) എന്നിവരെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.  ബുധനാഴ്ച രാത്രിയാണ് മെൻസ് ഹോസ്റ്റലിൽ ഒരുവിഭാഗം കായിക വിദ്യാർഥികൾ മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിട്ടത്. ഡിഎസ്‌യു ചെയർമാൻ സ്നേഹിൽ ഉൾപ്പെടെ 15ഓളം എസ്എഫ്ഐ പ്രവർത്തകർക്കാണ്‌ പരിക്കേറ്റത്.  സ്‌ഫോടകവസ്തുക്കൾ എറിഞ്ഞാണ്‌ അക്രമികൾ മെൻസ് ഹോസ്റ്റലിലേക്ക് ഇരച്ചുകയറിയത്. ലഹരി ഉപയോഗത്തിനെതിരെ സർവകലാശാലാ അധികൃതർക്ക് പരാതി നൽകിയതാണ് ആക്രമണത്തിന് കാരണമെന്നാണ് വിദ്യാർഥികൾ പറയുന്നത്. അറസ്റ്റിലായ നാലുപേരെയും പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News