ലക്ഷ്യമിട്ടത്‌ പായിപ്പാട്‌ മോഡൽ



മലപ്പുറം എടവണ്ണയിൽ വ്യാജസന്ദേശം നൽകി അതിഥി തൊഴിലാളികളെ ഇളക്കിവിടാൻ ശ്രമിച്ചവർ സജീവ കോൺഗ്രസ്‌ പ്രവർത്തകർ. ഉന്നതനേതാക്കളുമായി ഇവർക്ക്‌ ഉറ്റബന്ധം. പായിപ്പാട്‌ മോഡൽ പ്രതിഷേധമായിരുന്നു ലക്ഷ്യം. യൂത്ത്‌ കോൺഗ്രസ്‌ എടവണ്ണ മണ്ഡലം സെക്രട്ടറി  പത്തപ്പിരിയം തൂവ്വക്കാട്‌ പി കെ ഷാക്കിർ, മുണ്ടേങ്ങര തുവ്വക്കുത്ത് ഷെരീഫ്‌ എന്നിവരാണ്‌ പിടിയിലായത്‌. യൂത്ത്‌ കോൺഗ്രസ്‌ എടവണ്ണ മണ്ഡലം മുൻ പ്രസിഡന്റാണ്‌ ഷെരീഫ്‌.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമ്യ ഹരിദാസ്‌ എംപി, ഡിസിസി പ്രസിഡന്റ്‌ വി വി  പ്രകാശ്‌ എന്നിവർക്കൊപ്പം നിൽക്കുന്ന  ചിത്രം പ്രതികൾതന്നെ നവമാധ്യമങ്ങളിൽ കൊടുത്തിട്ടുണ്ട്‌.  എടവണ്ണയിലെ കോൺഗ്രസിന്റെ പ്രാദേശിക മുഖമായ ഇരുവരും അതിഥി തൊഴിലാളികളുമായി നിരന്തരം സമ്പർക്കത്തിലാണ്‌. ഭക്ഷ്യധാന്യം നൽകാൻ കഴിഞ്ഞദിവസം ഷാക്കിർ അതിഥി തൊഴിലാളി കേന്ദ്രങ്ങളിൽ എത്തിയതായി പൊലീസിന്‌ വിവരം കിട്ടിയിട്ടുണ്ട്‌. 21 പേർ അംഗമായ ഗ്രൂപ്പിലാണ്‌ ശബ്ദസന്ദേശം നൽകിയത്‌. ഷെരീഫ്‌ നിർദേശിച്ചിട്ടാണ്‌ ഇതുചെയ്‌തന്നും ഇയാൾ പൊലീസിനോട്‌ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ ഇവർ പ്രചരിപ്പിച്ച സന്ദേശം കേട്ട്‌ തൊഴിലാളികൾ യോഗംചേർന്നു. അപകടം അറിഞ്ഞ പൊലീസ്‌ ഷാക്കീറിനെ അറസ്‌റ്റ്‌ ചെയ്‌ത്‌  പ്രതിഷേധ നീക്കം പൊളിക്കയായിരുന്നു. ഇരുവർക്കുമെതിരെ ഐപിസി 153, കെഎപി 118, 505 ബി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ്‌ കേസ്‌. കോൺഗ്രസും യൂത്ത്‌ കോൺഗ്രസും ഇരുവർക്കുമെതിരെ നടപടിയെടുത്തിട്ടില്ല. ജാഗ്രതക്കുറവുണ്ടായെന്ന്‌ സമ്മതിച്ച യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ റിയാസ്‌ മുക്കോളി ഇരുവർക്കും കിട്ടിയ വിവരം ശരിയാണോ എന്ന്‌ അന്വേഷിക്കാനാണ്‌ ഗ്രൂപ്പിലിട്ടതെന്നും ന്യായീകരിച്ചു.         കോവിഡ്‌ പ്രതിരോധത്തിനായി രാജ്യം പ്രഖ്യാപിച്ച ലോക്ക് ഡൗണും കലക്ടറുടെ നിരോധനാജ്ഞയും ലംഘിച്ച്‌ ആൾക്കൂട്ടമുണ്ടാക്കാനുള്ള നീക്കം അതീവ ഗൗരവത്തോടെയാണ്‌ പൊലീസും ജില്ലാ ഭരണകേന്ദ്രവും കാണുന്നത്‌. നവമാധ്യമങ്ങളിലൂടെ വ്യാജസന്ദേശം പ്രചരിപ്പിച്ച്‌  കൊറോണ ജാഗ്രത പൊളിച്ച്‌ നാടിനെ ദുരന്തത്തിലേക്ക്‌ തള്ളിവിടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി യു അബ്ദുൾകരീം പറഞ്ഞു. Read on deshabhimani.com

Related News