പ്ലാസ്‌മയിലുണ്ട് റിഷാദിന്റെ നന്ദി



    പെരിന്തൽമണ്ണ കോവിഡ്‌ പ്രതിരോധത്തിലെ സർക്കാർ ഇടപെടലുകളെക്കുറിച്ച്‌ റിഷാദിന്‌ അഭിമാനം മാത്രം. ‘പരിശോധനകൾ പൂർണമായും സൗജന്യം. പോഷക സമ്പന്നമായ ഭക്ഷണം, നല്ല വസ്ത്രം.  രോഗിയുടെ ചികിത്സക്ക്‌ ധാരാളം പണം ചെലവഴിക്കുന്നു. ഇതൊന്നും വേറെ എവിടെയും കിട്ടില്ല’–-  കോവിഡ് രോഗമുക്തനായ റിഷാദ്‌ ശരീരത്തിലെ പ്ലാസ്‌മ നൽകി ഈ കരുതലിന്‌ നന്ദി പറഞ്ഞു. വീട്ടിലെത്തി 15 ദിവത്തെ ക്വാറന്റൈനുശേഷമാണ്‌ മഞ്ചേരി മെഡിക്കൽ കോളേജിലെത്തി പ്ലാസ്‌മ നൽകിയത്‌. രോഗികൾക്കുള്ള ആന്റിബോഡി ചികിത്സക്ക്‌ പ്ലാസ്‌മ നൽകാൻ തയ്യാറുണ്ടോ എന്നായിരുന്നു അധികൃതരുടെ ചോദ്യം.  റിഷാദിന്‌ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവന്നില്ല. ഇങ്ങനെയൊക്കെ ചെയ്യാൻ സാധിച്ചതിൽ സന്തോഷംമാത്രമെന്നാണ്‌ തിരൂർക്കാട്ടുകാരന്റെ മറുപടി. ‘സർക്കാർ നമുക്കുവേണ്ടി എല്ലാം സൗജന്യമായി ചെയ്യുമ്പോൾ നമുക്ക്‌ തിരിച്ചും നൽകാൻ ബാധ്യതയുണ്ട്’–- റിഷാദ്‌ പറഞ്ഞു‌.  റിയാദിലെ സ്വകാര്യ കമ്പനിയിൽ ലിഫ്റ്റ് ഓപറേറ്ററായിരുന്നു റിഷാദ്. മെയ് 31നാണ്  വിമാനമാർഗം  തിരുവനന്തപുരത്തെത്തിയത്.  പരിശോധനയിൽ കോവിഡ് ലക്ഷണം കണ്ടു. കെഎസ്ആർടിസിയുടെ പ്രത്യേക ബസിലാണ്‌ പെരിന്തൽമണ്ണയിൽ എത്തിച്ചത്‌. തുടർന്ന് ആംബുലൻസിൽ മഞ്ചേരി ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ.  14 ദിവസം കാളികാവ് കോവിഡ്‌ കെയർ സെന്ററിലും കഴിഞ്ഞു. ഇതിനകം എട്ട്‌ പരിശോധനകൾ നടന്നു. ആറ്‌ പരിശോധനകൾവരെ പോസിറ്റീവായിരുന്നു. പിന്നീട്‌ നെഗറ്റീവായി. മെഡിക്കൽ കോളേജിലെ പരിചരണത്തെക്കുറിച്ചും ഈ യുവാവിന്‌ പറയാനേറെ. ‘കോവിഡ് രോഗികളെ എല്ലാവരും അകറ്റിനിർത്തുമ്പോൾ  ഡോക്ടർമാരും നേഴ്‌സുമാരും ആശുപത്രി ജീവനക്കാരും ഞങ്ങളെ ചേർത്തുപിടിച്ചു. അവരുടെ സ്നേഹവായ്പും പരിചരണവും മറക്കില്ല. ജില്ലാ കോവിഡ് നോഡൽ ഓഫീസർ ഡോ. പി ഷിനാസ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രവർത്തനത്തെയും റിഷാദ്‌ പുകഴ്‌ത്തി. Read on deshabhimani.com

Related News