കാത്തുസൂക്ഷിക്കാം കടലും കടലോരവും



മലപ്പുറം കടലും കടലോരവും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസവ്യവസ്ഥ വീണ്ടെടുക്കാൻ ഫിഷറീസ് നേതൃത്വത്തിൽ ജില്ലയിൽ കർമപദ്ധതികൾക്ക്‌ തുടക്കം. ‘ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ ജില്ലാതല കോ–- ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.  ബോധവൽക്കരണം, പ്ലാസ്റ്റിക് മാലിന്യ ശേഖരണവും പുനരുപയോഗവും, തുടർ ക്യാമ്പയിൻ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി. പരിപാടിയുടെ നടത്തിപ്പിനായി തദ്ദേശതല കോ–- ഓർഡിനേഷൻ കമ്മിറ്റികൾ രൂപീകരിക്കും. ജില്ലയിലെ 70 കിലോമീറ്റർ വരുന്ന കടൽത്തീരത്ത് ഓരോ കിലോമീറ്ററും മാപ്പ് ചെയ്ത് ഓരോ ആക്ഷൻ കേന്ദ്രം രൂപീകരിക്കുകയും ഓരോ ആക്ഷൻ കേന്ദ്രത്തിലും 25 വീതംവരുന്ന സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി ചുമതല നൽകും. ഓരോ 200 മീറ്ററിലും പ്ലാസ്റ്റിക് കളക്ഷൻ ബോക്‌സ് സ്ഥാപിച്ച്  ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഷ്രഡ്ഡിങ് യൂണിറ്റുകളിലേയ്ക്ക് മാറ്റി റീസൈക്ലിങ് ചെയ്യുകയാണ് ലക്ഷ്യം. മുങ്ങൽ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തി അഴിമുഖങ്ങൾ, പുലിമുട്ടുകൾ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളാണ് തദ്ദേശ സ്വയം ഭരണ കോർഡിനേഷൻ കമ്മിറ്റി വിവിധ വകുപ്പുകളിലൂടെയും ഏജൻസികളിലൂടെയും സന്നദ്ധ സംഘടനകളിലൂടെയും ഏറ്റെടുത്ത് നടത്തേണ്ടത്. പദ്ധതി ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, ജില്ലാ കലക്ടർ വി ആർ പ്രേംകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ യോഗംചേർന്നു. Read on deshabhimani.com

Related News