മനസ്സുകളിലേക്ക് പടര്‍ന്ന് "രാപ്പകല്‍'

സൈല സലീഷും സംഘവും ഒരുക്കിയ നൃത്ത സംഗീതശിൽപ്പം


കൊണ്ടോട്ടി ചലച്ചിത്രകാരൻ ടി എ റസാഖിനെ അനുസ്‌മരിച്ച്‌ ജന്മഗ്രാമമായ കൊണ്ടോട്ടിയിലെ തുറക്കലിൽ അരങ്ങ്‌ ഒരുക്കിയ "രാപ്പകൽ' വാദ്യ നൃത്ത സംഗീത സംഗമം സമാപിച്ചു. മോയിൻകുട്ടി വൈദ്യരുടെ ഹുസ്നുൽ ജമാൽ ബദറുൽ മുനീർ പ്രണയകാവ്യത്തെ മുൻനിർത്തി കലാമണ്ഡലം സൈല സലീഷും സംഘവും ഒരുക്കിയ നൃത്തസംഗീത ശിൽപ്പത്തോടെയാണ്‌ പരിപാടികൾക്ക്‌ തിരശ്ശീല വീണത്‌. ഹുസ്നുൽ ജമാലായി കലാമണ്ഡലം സൈല സലീഷും ബദറുൽ മുനീറായി അർജുൻ സുബ്രഹ്മണ്യനും വേദിയിലെത്തി. സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗം നിമിഷ സലീമിന്റെ ഗാനനിശയും അനുസ്മരണത്തിന്റെ ഭാഗമായി നടന്നു. രാമൻകുട്ടിയുടെ വീട്ടുപരിസരത്ത് സുരേഷ് നാരനാട് ചെണ്ടയിൽ തീർത്ത നാദ പ്രഭാതത്തോടെയാണ് സമാപന ദിവസത്തെ പരിപാടികൾക്ക് തുടക്കമായത്. ചെണ്ടയും ചീനിമുട്ട് കുഴൽവിളിയുമായി അരങ്ങിന്റെ ഘോഷയാത്രയും നടന്നു. തുടർന്ന് അപ്പുണ്ണി നാരനാട് അനുസ്മരണത്തിൽ ടി എ ലത്തീഫ് അനുസ്മരണ പ്രഭാഷണം നടത്തി. കൊണ്ടോട്ടിയുടെ കലാചരിത്രത്തെ കുറിച്ച് കുഞ്ഞാലൻകുട്ടി അമ്പാട്ട്, സി കുഞ്ഞാലൻ എന്നിവർ സംസാരിച്ചു. മോങ്ങം നിറവ് കലാസമിതിയുടെ ചവിട്ട്കളി, ഫാറൂഖാബാദ് കോൽക്കളി സംഘത്തിന്റെ കോൽക്കളി, സൂഫിസം ഒരന്വേഷണം എന്ന വിഷയത്തിൽ സെമിനാർ എന്നിവ നടന്നു. വിവിധ സെഷനുകളിൽ  പി പി ഷാനവാസ്, മിർസ ഗാലിബ്, മറിയം മുംതാസ്, മുസ്തഫ മുണ്ടപ്പലം, എസ് വി മെഹജൂബ്, സിദ്ദീഖ് വാഴയിൽ, നാസർ പാണ്ടിക്കാടൻ, റാഫി ഏക്കാടൻ എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com

Related News