എംഡിഎംഎ കടത്തുന്ന സംഘത്തിലെ 
തലവൻ അറസ്റ്റിൽ



തിരൂർ  കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ ഉൾപ്പെടെയുള്ള മാരക മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ തലവനെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് അറസ്റ്റുചെയ്‌തു. കോടഞ്ചേരി തെയ്യപ്പാറ കോരൻ ചോലമ്മൽ മുഹമ്മദ്‌ റിഹാഫിനെയാണ് തിരൂർ ഡിവൈഎസ്പി കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ അറസ്റ്റുചെയ്‌തത്‌. ഇയാൾ ബം​ഗളൂരു കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് ഇടപാട് നടത്തുന്നയാളാണ്. മേയിൽ വളാഞ്ചേരിയിൽവച്ച് 163 ഗ്രാം എംഡിഎംഎയുമായി വെട്ടിച്ചിറ, വളാഞ്ചേരി സ്വദേശികളായ മൂന്നുപേർ പിടിയിലായിരുന്നു. ഇവർക്ക് എംഡിഎംഎ നൽകിയ സംഘത്തിന്റെ തലവനാണ്‌ പിടിയിലായ മുഹമ്മദ്‌ റിഹാഫ്‌. വളാഞ്ചേരിയിൽ യുവാക്കൾ പിടിയിലായതിനുപിന്നാലെ ഇയാൾ ഒളിവിൽപോകുകയായിരുന്നു. ബം​ഗളൂരു, ഹിമാചൽപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽകഴിഞ്ഞിരുന്ന പ്രതി കഴിഞ്ഞ ദിവസം എംഡിഎംഎ ഇടപാടിനായി കോഴിക്കോട് വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റ്‌. ഡിവൈഎസ്പി കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട് എത്തിയാണ്‌ ഇയാളെ പിടികൂടിയത്‌. പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെ കുറിച്ചും ലഹരിവസ്തു ലഭിച്ച ഉറവിടത്തെപ്പറ്റിയും അന്വേഷണം നടത്തിവരികയാണെന്നും ശക്തമായ പരിശോധന തുടരുമെന്നും തിരൂർ ഡിവൈഎസ്പി കെ എം ബിജു പറഞ്ഞു. Read on deshabhimani.com

Related News