80 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി 5 പേർ പിടിയിൽ



കൊണ്ടോട്ടി മാരക മയക്കുമരുന്നായ എംഡിഎംഎയുമായി അന്തർ സംസ്ഥാന ലഹരിക്കടത്ത്‌ സംഘത്തിലെ അഞ്ചുപേർ അറസ്‌റ്റിൽ. സംഘത്തലവൻ വണ്ടൂർ വാണിയമ്പലം കുറ്റൂർ സ്വദേശി മാട്ടറ വീട്ടിൽ സജിൻ (40), മുണ്ടേങ്ങാടൻ സുധീർ ബാബു (കാട ബാബു–- 41) , വലശേരി മുഹമ്മദ് റാഫി (35), എറണാകുളം പള്ളുരുത്തി സ്വദേശി വലിയകത്ത് ഫർഹാൻ (22), ഫോർട്ട് കൊച്ചി സ്വദേശി കാവത്തിമനയത്ത് വീട്ടിൽ തൗഫീഖ് (27) എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്‌. ബുധൻ പുലർച്ചെ കൊണ്ടോട്ടി മൊറയൂർ ഹിൽടോപ്പിൽനിന്നാണ്‌  ഇവർ വലയിലായത്‌. മയക്കുമരുന്ന്‌ കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.  ബംഗളൂരുവിൽനിന്ന്‌  മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വിൽപ്പനക്കായി കൊണ്ടുവന്ന 100 ഗ്രാം എംഡിഎംഎ  കണ്ടെടുത്തു. ഇതിന്‌ വിപണിയിൽ 80 ലക്ഷം രൂപ വിലവരും.  വണ്ടൂരിലുള്ള ഹോം സിറാമിക്സ് എന്ന സ്ഥാപനത്തിന്റെ  മറവിലാണ് ബംഗളൂരുവിൽനിന്ന്‌ ലഹരിവസ്തുക്കൾ എത്തിച്ചിരുന്നത്. ഒരുവർഷത്തോളമായി ലഹരിക്കടത്ത് തുടങ്ങിയിട്ടെന്ന് പൊലീസ് പറഞ്ഞു. എറണാകുളം ഫോർട്ട് കൊച്ചി കേന്ദ്രീകരിച്ചും  വിൽപ്പന നടത്തിയിരുന്നു. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.  ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്‌പി കെ അഷറഫ്, കൊണ്ടോട്ടി സബ് ഇൻസ്പക്ടർ നൗഫൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.   കുടുക്കിയത് പൊലീസിന്റെ പഴുതടച്ച നീക്കം കൊണ്ടോട്ടി മാരക മയക്കുമരുന്നുമായി കൊണ്ടോട്ടിയിൽ പിടിയിലായത് സംസ്ഥാനത്തിന് അകത്തും പുറത്തും വേരുകളുള്ള വൻ ലഹരി സംഘം. പൊലീസിന്റെ പഴുതടച്ച രഹസ്യ നീക്കമാണ് സംഘത്തലവനെയടക്കം കെണിയിൽ വീഴ്ത്താനായത്. ബംഗളൂരുവിൽനിന്നും സംസ്ഥാനത്തേക്ക് മയക്ക് മരുന്ന് കടത്തുന്ന സംഘത്തെക്കുറിച്ച് നേരത്തെ പൊലീസിന് സൂചന ലഭിച്ചിരുന്നു. ഡിവൈഎസ്‌പി കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൊവ്വാഴ്ച രാത്രിതന്നെ ദേശീയപാതയോരത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. പ്രത്യേക വാഹന പരിശോധനയും ഏർപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ മൊറയൂർ ഹിൽ ടോപ്പിൽവച്ച് വാഹനം തടഞ്ഞുനിർത്തിയാണ് പൊലീസ് മയക്കുമരുന്ന് സംഘത്തെ കസ്റ്റഡിയിലെടുത്തത്. വണ്ടൂർ വാണിയമ്പലം സ്വദേശിയായ സജിനാണ് സംഘത്തലവൻ. കർണാടകയിൽനിന്നും കേരളത്തിലെത്തിക്കുന്ന മയക്കുമരുന്ന് വിവിധ പ്രദേശങ്ങളിൽ ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുകയാണ് പതിവ്. ഇതിനായി വൻ ശൃംഖല പ്രവർത്തിക്കുന്നതായി അന്വേഷക സംഘത്തിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.   Read on deshabhimani.com

Related News