ഭൂമി വാങ്ങാനെന്ന വ്യാജേന തട്ടിപ്പ്‌ 
നടത്തിയയാൾ അറസ്റ്റിൽ



പൊന്നാനി ഭൂമി വാങ്ങാനെന്ന വ്യാജേന ആധാരം പണയപ്പെടുത്തി പണം തട്ടിയ യുവാവ്‌ അറസ്റ്റിൽ. വഴിക്കടവ് കാരാക്കോട് നാലകത്ത് വീട്ടിൽ ഷാജഹാ (40)നെയാണ്‌ പൊന്നാനി പൊലീസ് അറസ്റ്റുചെയ്തത്‌.  എടപ്പാൾ സബ് സ്റ്റേഷന് സമീപം താമസിക്കുന്ന സ്ത്രീക്ക് കുടുംബസ്വത്തായി ലഭിച്ച തൃശൂർ എരുമപ്പെട്ടിയിലെ 92 സെന്റ്  വാങ്ങാനെന്നരീതിയിൽ പ്രതി സമീപിക്കുകയായിരുന്നു. വില നിശ്ചയിച്ചശേഷം വിൽപ്പന കരാറുണ്ടാക്കി അഡ്വാൻസ്‌ നൽകി. ബാക്കി പണം നൽകാൻ ഹോമിയോ ഡോക്ടറായ തന്റെ ഭാര്യയുടെ  പേരിൽ തനൂർ കെഎസ്എഫ്ഇയിൽ ആരംഭിച്ച 30 ലക്ഷത്തിന്റെ ചിട്ടി ലേലംചെയ്യണമെന്നും ഇതിന് ഭൂമിയുടെ ആധാരം ഈടായി വേണമെന്നും ആവശ്യപ്പെട്ടു. ആധാരം കൈക്കലാക്കി ചിട്ടിവിളിച്ച് ഇയാൾ പണവുമായി മുങ്ങുകയായിരുന്നു. കെഎസ്എഫ്ഇയിൽ പണമടയ്‌ക്കാതായതോടെ ഭൂമിയുടെ ഉടമസ്ഥൻ ബാധ്യതയിലായി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സമാനരീതിയിൽ പെരുമ്പാവൂരിൽ 50 ലക്ഷം രൂപ തട്ടിയതായും പലസ്ഥലങ്ങളിലും ഭൂമി വിൽക്കാനുള്ളവരെ സമീപിച്ച് തട്ടിപ്പ് നടത്തിയതായും പൊലീസ് പറഞ്ഞു. ഫ്ലാറ്റ് നിർമിച്ച് നൽകാമെന്നുപറഞ്ഞ് പലരിൽനിന്നായി 47 ലക്ഷം രൂപ തട്ടിയതിന്‌ പ്രതിക്കും സഹോദരനുമെതിരെ കോഴിക്കോട് കേസുണ്ട്. പൊന്നാനി ഇൻസ്‌പെക്ടർ വിനോദ് വലിയാട്ടൂർ, എസ്‌ഐ നവീൻ ഷാജ് എന്നിവരാണ്‌ പ്രതിയെ പിടികൂടിയത്. Read on deshabhimani.com

Related News