ആഘോഷമായി കളിയാട്ട ഉത്സവം

കളിയാട്ടക്കാവിൽ എത്തിയ പൊയ്‌ക്കുതിരകൾ


തിരൂരങ്ങാടി  പ്രസിദ്ധമായ മൂന്നിയൂർ കുതിരക്കളിയാട്ട മഹോത്സവത്തിന്‌ ആയിരങ്ങൾ ഒഴുകിയെത്തി.   വെള്ളിയാഴ്‌ച രാവിലെമുതൽ വിവിധ ദേശ സംഘങ്ങൾ അരിയെറിഞ്ഞും നൃത്തം ചവിട്ടിയും ആഘോഷമായി പൊയ്ക്കുതിരകളുമായി കളിയാട്ടക്കാവിലേക്കെത്തി. പൈങ്ങാംകുളവും ആൽത്തറയും ചുറ്റിയാണ് കുതിരകൾ കാവിലെത്തിയത്. മതസൗഹാർദ സന്ദേശം പകർന്ന് മമ്പുറം മഖാമിനും മുട്ടിച്ചിറ പള്ളിക്കും മുമ്പിലെത്തി ദർശനം വാങ്ങി.  ആചാരപ്രകാരം സാംബവ മൂപ്പന്റെ കുതിരയാണ്‌ ആദ്യം കാവ് തീണ്ടിയത്‌. തുടർന്നാണ് മറ്റു ദേശക്കാരുടെ കുതിരകളെത്തിയത്‌. ക്ഷേത്രത്തിൽ മൂന്നുതവണ വലംവച്ചശേഷം കുതിരപ്ലായ്ക്കൽ തറയിൽ ഇരിക്കുന്ന കാവുടയനായർക്ക് കുതിരപ്പണം നൽകി കുതിരകളെ തച്ചുടച്ചു. കോവിഡ്‌ പശ്ചാത്തലത്തിൽ രണ്ട്‌ വർഷത്തെ ഇടവേളയ്ക്ക്‌ ശേഷം എത്തിയ കുതിരക്കളിയാട്ടത്തിന് ഏറെ പേരാണ് പങ്കെടുത്തത്‌. കുതിര സംഘങ്ങളുടെ എണ്ണവും കൂടി. രാത്രി ഏറെ വൈകി കളിയാട്ടം സമാപിച്ചു. കളിയാട്ടത്തോടനുബന്ധിച്ച് ആഴ്ചകൾക്ക് മുമ്പുതന്നെ ആരംഭിച്ച കാർഷിക ചന്തയും ജനനിബിഢമായി. Read on deshabhimani.com

Related News