ചരിത്രംകുറിച്ച്‌ നാടാകെ ‘ചുവട്‌ ’

മലപ്പുറം കോട്ടക്കുന്ന് ജൂബിലി അയൽക്കൂട്ട സംഗമത്തിൽ കലക്ടർ വി ആർ പ്രേംകുമാർ മുതിർന്ന അംഗത്തെ ആദരിക്കുന്നു


  മലപ്പുറം  പുതിയ പാതകളിലൂടെ പുതു വേഗത്തിൽ ഇനിയുമേറെ കുതിക്കാനുണ്ട്‌. ഓരോ കോണിലും മായാത്ത അടയാളമായി മാതൃകയായി മുന്നേറണം. പുതിയ ലക്ഷ്യങ്ങളിലേക്ക്‌ കരുത്തുറ്റ ചുവടുകൾ  ഉറപ്പിച്ച്‌  സംഘടിപ്പിച്ച ‘ചുവട്-–- 2023' അയൽക്കൂട്ട സംഗമം കുടുംബശ്രീ ചരിത്രത്തിലെ സുവർണ അധ്യായമായി. കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ടാണ്‌ റിപ്പബ്ലിക് ദിനത്തിൽ അയൽക്കൂട്ട സംഗമം  സംഘടിപ്പിച്ചത്‌. ജില്ലയിലെ 30,098 അയൽക്കൂട്ടങ്ങളും സംഗമത്തിന്റെ  ഭാഗമായി. കുടുംബശ്രീ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, ബാലസഭാംഗങ്ങൾ, വയോജന അയൽക്കൂട്ട അംഗങ്ങൾ, ട്രാൻസ്ജെൻഡർ അയൽക്കൂട്ടാംഗങ്ങൾ എന്നിവർ സംഗമത്തിൽ പങ്കെടുത്തു. രാവിലെ ദേശീയപതാക ഉയർത്തിയശേഷം പരിപാടികൾ തുടങ്ങി. ഓരോ അയൽക്കൂട്ടങ്ങളും സംഗമഗാനം അവതരിപ്പിച്ചു.  അംഗങ്ങൾ ഒന്നിച്ചിരുന്ന്‌  ഓൺലൈനിൽ തദ്ദേശമന്ത്രി എം ബി രാജേഷിന്റെയും കുടുംബശ്രീ എക്സിക്യൂട്ടീവ്‌ ഡയറക്ടർ ജാഫർ മാലിക്കിന്റെയും അയൽക്കൂട്ട സംഗമ സന്ദേശം കേട്ടു. തുടർന്ന്‌ നടന്ന ചർച്ചയിൽ പുതിയ പദ്ധതികളുടെ ആവിഷ്‌കാരം, കുടുംബശ്രീ  നവീകരണം, പ്രദേശിക വികസനം എന്നിവ സംബന്ധിച്ച  മികച്ച നിർദേശങ്ങൾ ഉയർന്നു. ജനപ്രതിനിധികളും കലക്ടറും കുടുംബശ്രീ ജില്ലാ മിഷൻ പ്രവർത്തകരും വിവിധ അയൽക്കൂട്ടങ്ങളിൽ പങ്കാളികളായി.    കലക്ടർ വി ആർ പ്രേംകുമാർ മലപ്പുറം കോട്ടക്കുന്ന്‌ ജൂബിലി അയൽക്കൂട്ടത്തിലും കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ജാഫർ കെ കക്കൂത്ത്‌ കരുളായി സിഡിഎസ്സിലെ നെടുങ്കയം ഊരിലും പങ്കെടുത്തു. വിവിധ നിയോജക മണ്ഡലത്തിൽ എംഎൽഎമാരും പങ്കെടുത്തു. പി ഉബൈദുള്ള ആനക്കയത്തും യു എ ലത്തീഫ്‌ മഞ്ചേരിയിലും കെ ടി ജലീൽ വളാഞ്ചേരിയിലും നജീബ്‌ കാന്തപുരം പെരിന്തൽമണ്ണയിലും പങ്കെടുത്തു.   Read on deshabhimani.com

Related News