ലീഗിന്റെ സ്‌ത്രീവിരുദ്ധതക്കേറ്റ തിരിച്ചടി: സിപിഐ എം



  മലപ്പുറം ജില്ലയിൽ കുടുംബശ്രീ സിഡിഎസ്‌ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിനേറ്റ തിരിച്ചടി അവരുടെ സ്‌ത്രീവിരുദ്ധ നിലപാടുകൾക്കുള്ള പ്രഹരമാണെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. സ്‌ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കടന്നുവരുന്നതിനെ ലീഗ്‌ എക്കാലവും ഭയപ്പെട്ടിരുന്നു. അധികാര സ്ഥാനങ്ങളിൽനിന്നും മാറ്റിനിർത്തിയ സ്‌ത്രീവിരുദ്ധ നിലപാടിന്‌ ജില്ലയിലെ സ്‌ത്രീ സമൂഹം നൽകിയ തിരിച്ചടിയാണ്‌ സിഡിഎസ്‌ ഫലം.  സമൂഹത്തിന്റെ നട്ടെല്ലായ കുടുംബശ്രീ പ്രസ്ഥാനത്തെ തകർക്കാനാണ്‌ ലീഗ്‌ എല്ലാകാലത്തും ശ്രമിച്ചത്‌. സ്‌ത്രീകൾ അടുക്കളയിൽ കഴിയേണ്ടവരാണ്‌ എന്ന യാഥാസ്ഥിതിക നിലപാടാണ്‌ ലീഗിന്‌. അവരുടെ യുവജന–-വിദ്യാർഥി സംഘടനകളിലെ സ്‌ത്രീകൾക്കെതിരായ നിലപാട്‌ അടുത്തിടെ സമൂഹം ഏറെ ചർച്ച ചെയ്‌തതാണ്‌. മുസ്ലിം സമുദായത്തിലെ സ്‌ത്രീകൾ ആർജിച്ച സാമൂഹികവും വിദ്യാഭ്യാസപരവുമായ വളർച്ചയെ ഉൾക്കൊള്ളാൻ ലീഗിനായിട്ടില്ല. അവരുടെ കണ്ണുതുറപ്പിക്കുന്നതാണ്‌ സിഡിഎസ്‌ ഫലം.  കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളെ  ഭീഷണിപ്പെടുത്തിയും  കൈയേറ്റംചെയ്തും തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനാണ്‌ ലീഗ്‌ ശ്രമിച്ചത്‌. പലയിടത്തും വാഗ്ദാനങ്ങൾ നിരത്തിയും വിലപേശി. അധികാരം കിട്ടില്ലെന്ന് ഉറപ്പായപ്പോൾ കോടതിയെ സമീപിച്ചു.  ഇതെല്ലാം മറികടന്നാണ്‌ ഇടതുപാനലിന്റെ ജയം.   ജില്ലയിൽ 111 സിഡിഎസ്‌ ചെയർപേഴ്‌സൺ സ്ഥാനത്തേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. യുഡിഎഫ്‌‌ ഭരിക്കുന്ന നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ അവരുടെ പാനൽ പരാജയപ്പെട്ടു. 52 സിഡിഎസുകളിൽ ഇടതുപക്ഷത്തിനാണ്‌ സ്വാധീനം.   മുനിസിപ്പാലിറ്റികളിലും നേട്ടമുണ്ടായി. ചരിത്രനേട്ടത്തിൽ പങ്കാളികളായ മുഴുവൻ കുടുംബശ്രീ പ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നതായി ജില്ലാ കമ്മിറ്റി അറിയിച്ചു.   Read on deshabhimani.com

Related News