ഉയരും, ദ്രുതകര്‍മസേനാ കോംപ്ലക്സും വെറ്ററിനറി ആശുപത്രിയും



നിലമ്പൂർ വന്യജീവിശല്യം തടയാൻ നിലമ്പൂരിൽ കനോലി പ്ലോട്ട് കേന്ദ്രീകരിച്ച്‌ വനം ദ്രുതകർമസേനാ കോംപ്ലക്സും വെറ്ററിനറി ആശുപത്രിയും ഒരുങ്ങുന്നു. ഒരേക്കർ സ്ഥലത്താണ് കോംപ്ലക്സും ആശുപത്രിയും നിർമിക്കുന്നത്. അഞ്ചുകോടി രൂപയുടെ എസ്റ്റിമേറ്റിന് സർക്കാർ അം​ഗീകാരം ലഭിച്ചു.  ഏട്ട് കെട്ടിടങ്ങളാണ് പണിയുക. ആർആർടി ഓഫീസ്, വെറ്ററിനറി ഓഫീസ്, പോസ്റ്റ്മോർട്ടം മുറി, ആർആർടി കൺട്രോൾ റൂം, ഫ്ലയിങ്‌ സ്‌ക്വാഡ് ഓഫീസ്, ഫ്ലയിങ്‌ സ്‌ക്വാഡ്  റെയ്ഞ്ച് ഓഫീസറുടെ ഔദ്യോഗിക വസതി, സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവയാണ് നിർമിക്കുക. നിർമാണത്തിനായി പ്രദേശത്തെ 26  മരങ്ങൾ മുറിച്ചുമാറ്റും. ഇതിനുപകരം കെട്ടിടത്തോട് ചേർന്ന് ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള മര തൈകൾ നട്ടുപിടിപ്പിക്കും.  24 മണിക്കൂർ  കൺട്രോൾ റൂം, നാട്ടിലേക്കും കൃഷി ഭൂമിയിലേക്കും ഇറങ്ങുന്ന വന്യജീവികളെ തടയാൻ ആധുനിക സംവിധാനങ്ങൾ, വന്യജീവികളുടെ പരിപാലനത്തിനായി വൈൽഡ് ലൈഫ് സർജൻ,  വന്യജീവികളുടെ പോസ്റ്റ്മോർട്ടം നടത്തൽ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.   വേണം വനം കോടതി  നിലമ്പൂർ കേന്ദ്രീകരിച്ച് വനം കോടതി വേണമെന്ന ആവശ്യം ശക്തമാകുന്നു. ഹൈക്കോടതി അനുമതി ലഭിച്ചിട്ടും സ്വന്തമായി കെട്ടിടമില്ലെന്ന പേരിലാണ് വനംവകുപ്പ് കോടതിക്ക് അനുമതി നിഷേധിച്ചത്.  മഞ്ചേരി, കോഴിക്കോട് കോടതികളിലായാണ് വനം വകുപ്പുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യംചെയ്യുന്നത്. വനംവകുപ്പിന് കീഴിൽ അരുവാക്കോടുള്ള  പഴയ വുഡ് ഇൻഡസ്ട്രീസ് കെട്ടിടങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്.  കോടതി തുടങ്ങാൻ ആവശ്യമായ  സൗകര്യം ഈ കെട്ടിടങ്ങളിലുണ്ട്. വനംവകുപ്പിന്റെ  അനുമതി ലഭിച്ചാൽ കോടതി ആരംഭിക്കാനുള്ള നടപടി തുടങ്ങാനാകുമെന്ന് നിലമ്പൂർ ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. Read on deshabhimani.com

Related News