കാൽപ്പന്തുകാലത്തോളം കഥയുണ്ടിവടെ



വണ്ടൂർ 1872ൽ നവംബർ 30ന് ഇംഗ്ലണ്ടും സ്കോട്‌ലൻഡുമായി നടന്ന ആദ്യഅന്താരാഷ്ട്ര മത്സരം, 1985ലെ ബെൽജിയത്തിലെ ഹെയ്സൽ സ്റ്റേഡിയം ദുരന്തം, ആദ്യകാലത്തെ ബ്ലേഡർ പന്തു മുതൽ ഖത്തറിലെ അൽറിഹ്‌ലവരെ. കാൽപ്പന്തു ചർച്ചയിൽ ഇഷ്‌ട ടീമിന്റെ മികവ്‌ പറയാൻ മത്സരിക്കുന്നവർ വണ്ടൂർ മണലിന്മൽപ്പാടം ബസ് സ്റ്റാൻഡിന്‌ സമീപമെത്തണം. കാൽപ്പന്തുകളിയുടെ സകലകാല ചരിത്രമുണ്ടിവിടെ.  വണ്ടൂർ സ്വദേശി ഡോ. വീരാൻ മുഹമ്മദിന്റെ നേതൃത്വത്തിലാണ് ഫുട്ബോൾ ചരിത്രപ്രദർശനം. കാൽപ്പന്തുകളിയുടെ ആരംഭംമുതൽ ഇതുവരെയുള്ള നാൾവഴികൾ അപൂർവ ചിത്രങ്ങളിലൂടെ പറയുന്നതാണ്‌ പ്രദർശനം. വിവിധ രാജ്യങ്ങളുടെ ജേഴ്സികൾ, കൊടികൾ, ലോകകപ്പിൽ ഇതുവരെ ഉപയോഗിച്ച പന്തുകൾ, ലോകത്തെ വിവിധ സ്റ്റേഡിയങ്ങൾ, വിവിധ ലോകകപ്പുകളുടെ ഉദ്ഘാടന ചടങ്ങുകൾ, 1948ൽ ഇംഗ്ലണ്ടിൽ ഫ്രാൻസുമായി നടന്ന  ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര മത്സരം, ആദ്യ എഫ്എയുടെ മിനുട്സ് കോപ്പി, മികച്ച ഗോൾ ഷോട്ടുകൾ, ഫുട്ബോൾ ഇതിഹാസം പെലെയും ഇംഗ്ലണ്ട് ക്യാപ്റ്റൻ ബോബി മുള്ളറും ജേഴ്സി കൈമാറുന്ന ഹൃദയഹാരിയായ രംഗമുൾപ്പെടെ ഒരു ഫുട്ബോൾ ചരിത്രലോകംതന്നെ ഇവിടെയുണ്ട്‌. ഇംഗ്ലണ്ടിലെ ഹിൽസ്ബറോ സ്റ്റേഡിയം തകർച്ചപോലുള്ള കളിക്കളത്തിലെ ദുരന്ത ഓർമകളും പങ്കുവയ്‌ക്കുന്നു. 1500 ചിത്രങ്ങളാണ് എക്സിബിഷനിലുള്ളത്. ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ഒരുമാസക്കാലംവരെയാണ് പ്രദർശനം. നിരവധി കളിയാരാധകരാണ്‌ ദിവസവും പ്രദർശനം കാണാനെത്തുന്നത്‌.  കഴിഞ്ഞ ദിവസം കായിക മന്ത്രി വി അബ്ദുറഹ്മാനും പ്രദർശനം കാണാനെത്തി. എ പി അനിൽകുമാർ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം കെ ടി അജ്മൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. മത്സരം കാണാനുള്ള മിനി തിയറ്ററും ഇവിടെ ഒരുക്കിയിട്ടുണ്ട്.   Read on deshabhimani.com

Related News