വിദ്യാർഥികളുടെ സംരംഭക ശീലം പ്രോത്സാഹിപ്പിക്കണം: മന്ത്രി ഡോ. ആർ ബിന്ദു

മലപ്പുറം ഗവ.കോളേജ് സുവർണജുബിലി ആഘോഷം ഉന്നത വിദ്യാഭ്യാസ 
വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനംചെയ്യുന്നു


മലപ്പുറം വിദ്യാർഥികളുടെ സംരംഭക ശീലം പ്രോത്സാഹിപ്പിക്കണമെന്നും തൊഴിൽ തേടുന്നവർക്ക്‌ പകരം തൊഴിൽദാതാക്കളെ സൃഷ്ടിക്കാൻ കഴിയണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മലപ്പുറം ഗവ. കോളേജ്‌ സുവർണ ജൂബിലി ആഘോഷം ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി.   വിദ്യാർഥികൾ നേതൃപാടവവും ആത്മവിശ്വാസം ആർജിക്കുന്നത്‌ കലാലയങ്ങളിൽ നിന്നാണ്‌. അതുകൊണ്ടുതന്നെ വിദ്യാർഥി കേന്ദ്രീകൃത സമീപനമാണ്‌ ഓരോ വിദ്യാലയവും സ്വീകരിക്കേണ്ടത്‌. സ്വതന്ത്രമായി നിർഭയം തങ്ങളുടെ മൗലിക കഴിവുകൾ വളർത്തിയെടുക്കാൻ ഓരോ വിദ്യാർഥിക്കും കഴിയണം.അതിനുള്ള സാഹചര്യങ്ങൾ ഒരുക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും കഴിയണം. വിദ്യാർഥികള്‍ക്ക് സ്‌കില്‍ അപ്പ്‌ഗ്രേഡേഷന്‍ നല്‍കി തൊഴിലുകള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മലപ്പുറം ഗവൺമെന്റ്‌ കോളേജ്‌ സ്‌പെഷ്യൽ ഗ്രേഡിലേക്ക്‌ ഉയർത്താൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. പുതുതായി ആരംഭിച്ച എംഎസ്‌സി സ്റ്റാറ്റിസ്‌റ്റിക്‌സ്‌ കോഴ്‌സും കോളേജ്‌  ലേഡീസ്‌ ഹോസ്റ്റൽ ഉദ്‌ഘാടനവും മന്ത്രി നിർവഹിച്ചു. പി ഉബൈദുള്ള എംഎൽഎ അധ്യക്ഷനായി.  കായികമന്ത്രി വി അബ്ദുറഹ്‌മാൻ മുഖ്യാതിഥിയായി. ഇബ്രാഹിം എംഎല്‍എ, അലുംനി അസോസിയേഷന്‍ പ്രസിഡന്റ് യു അബ്ദുൽകരീം, നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, പൂര്‍വ അധ്യാപക പ്രതിനിധി പി കെ അബൂബക്കര്‍, കോളേജ് പ്രിന്‍സിപ്പല്‍ കെ കെ ദാമോദരന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി സുലൈമാന്‍  എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com

Related News