11,235 പേര്‍ നിരീക്ഷണത്തിൽ



  മലപ്പുറം കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി  ജില്ലയിൽ 720 പേർക്ക് വ്യാഴാഴ്‌ചമുതൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 11,235 ആയതായി  കലക്ടർ ജാഫർ മലിക് കോവിഡ്  അവലോകന യോഗത്തിൽ വ്യക്തമാക്കി. 75 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്‌. 11,133 പേർ വീടുകളിലും 27 പേർ കോവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിലുണ്ട്.    കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 62 പേരാണ് ഐസൊലേഷനിലുള്ളത്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ആറ്, തിരൂർ ജില്ലാ ആശുപത്രിയിൽ നാല്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മൂന്ന് രോഗികളും ഐസൊലേഷൻ വാർഡുകളിലുണ്ട്.  319 പേർക്ക് വൈറസ് ബാധയില്ല  ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  കെ സക്കീന മുഖ്യസമിതി അവലോകന യോഗത്തിൽ അറിയിച്ചു. ഇതുവരെ ലഭിച്ച പരിശോധനാ ഫലങ്ങളിൽ 319 പേർക്ക് വൈറസ് ബാധയില്ലെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. 130 സാമ്പിളുകളുടെ ഫലങ്ങൾ ഇനി ലഭിക്കാനുണ്ട്‌.    നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വ്യക്തമായ മാർ​ഗനിർദേശങ്ങൾ ജില്ലാ  കൺട്രോൾ സെല്ലിൽനിന്ന് നൽകിവരികയാണ്. ജാഗ്രതാ നിർദേശങ്ങൾ കൈമാറാനും നിരീക്ഷണത്തിലായവർ പൊതു സമ്പർക്കത്തിൽ ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും 5641 ഫീൽഡ് സ്‌ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. 23,088 വള​ന്റിയർമാർ വിവിധ സ്‌ക്വാഡുകളിൽ പ്രവർത്തിക്കുന്നു. വാർഡ് അടിസ്ഥാനത്തിൽ വെള്ളിയാഴ്‌ച 5855 വീടുകളിൽ സംഘങ്ങൾ സന്ദർശനം നടത്തി. വീടുകളിൽ നിരീക്ഷണത്തിലായ 356 പേർക്ക്  വിദഗ്ധസംഘം കൗൺസലിങ് നൽകി. നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള 309 മുതിർന്ന പൗരന്മാരെ കണ്ടെത്തി പാലിയേറ്റീവ് നേഴ്‌സുമാർവഴി ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.   Read on deshabhimani.com

Related News