ഭൂമി എവിടെയും രജിസ്‌റ്റർ ചെയ്യാം; 
പദ്ധതിക്ക്‌ വൻ സ്വീകാര്യത



  മലപ്പുറം ആധാരം ഏത്‌ രജിസ്‌ട്രാർ ഓഫീസിലും  രജിസ്‌റ്റർ ചെയ്യാവുന്ന പദ്ധതിക്ക്‌ ജില്ലയിൽ സ്വീകാര്യതയേറുന്നു. രജിസ്‌ട്രേഷൻ വകുപ്പ്‌  2020  നവംബറിലാണ്‌ പദ്ധതി തുടങ്ങിയത്‌. ഇതിനകം 754 പേർ സേവനം ഉപയോഗപ്പെടുത്തി. ആഗസ്‌തിൽമാത്രം 179 ആധാരം രജിസ്‌റ്റർ ചെയ്‌തു. കോവിഡ്‌ കാലത്തെ അടച്ചുപൂട്ടലിൽ പദ്ധതി ജനങ്ങൾക്ക്‌ ഏറെ ഉപകാരപ്രദമായെന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു.  ജില്ലയിൽ 27 സബ്‌ രജിസ്‌ട്രാർ ഓഫീസുകളിലും സേവനം ലഭ്യമാണ്‌. എടവണ്ണ സബ്‌ രജിസ്‌ട്രാർ ഓഫീസാണ്‌ സേവനം ഉപയോഗപ്പെടുത്തിയതിൽ മുന്നിൽ (111 പേർ). വേങ്ങരയാണ്‌ തൊട്ടുപിറകിൽ (94). മഞ്ചേരിയിൽ 88 എണ്ണം. മലപ്പുറം സബ്‌ രജിസ്‌ട്രാർ ഓഫീസിൽ ജില്ലാ ആസ്ഥാനമെന്ന നിലയിൽ നേരത്തെ ഈ സേവനമുണ്ടായിരുന്നെങ്കിലും ഇപ്പോൾ സ്വീകാര്യതകൂടി. 88 പേർ ഇതിനകം രജിസ്‌ട്രേഷൻ നടത്തി.  ഭൂവുടമ നൽകുന്ന അപേക്ഷയിൽ ഓൺലൈനായാണ്‌ രജിസ്‌ട്രേഷൻ. അപേക്ഷ ലഭിച്ചാൽ ഭൂമി സ്ഥിതിചെയ്യുന്ന സബ്‌ രജിസ്‌ട്രാർ ഓഫീസിൽനിന്ന്‌ വിവരങ്ങൾ തേടും. നെൽവയൽ, തണ്ണീർത്തടം, പരിസ്ഥിതിലോല മേഖല എന്നിവയിലുൾപ്പെട്ട ഭൂമിയല്ലെന്ന്‌ ഉറപ്പാക്കും.  നിയമ തടസ്സങ്ങളും കേസുകളും ഇല്ലെങ്കിൽ അപേക്ഷ നൽകിയ ഓഫീസിൽ രജിസ്‌ട്രേഷൻ നടക്കും. 210 രൂപ മാത്രമാണ്‌ ഭൂമി പരിശോധനക്ക്‌ ഭൂവുടമ അധികം നൽകേണ്ടത്‌. ഓൺലൈനിലേക്ക്‌ മാറിയതോടെ നടപടിക്രമം എളുപ്പമായതായി ഉദ്യോഗസ്ഥർ പറയുന്നു.  മുമ്പ്‌ ആധാരത്തിലെ വസ്‌തു ഉൾപ്പെടുന്ന ഓഫീസ്‌ പരിധിയിൽമാത്രമേ രജിസ്‌ട്രേഷൻ അനുവദിച്ചിരുന്നുള്ളൂ.  പുതിയ പദ്ധതി അനുസരിച്ച്‌ ജില്ലയിലുൾപ്പെട്ട ഏത്‌ ഭൂമിയും ഏത്‌ രജിസ്‌ട്രാർ ഓഫീസിലും രജിസ്‌റ്റർ ചെയ്യാം. Read on deshabhimani.com

Related News