ദേശീയപാതാ വികസന മാതൃകയിൽ നഷ്ടപരിഹാരം നല്‍കും: മന്ത്രി



  മലപ്പുറം  കരിപ്പൂരിന് അന്താരാഷ്ട്ര വിമാനത്താവളം നഷ്ടമാകാതിരിക്കാനുള്ള ശ്രമങ്ങൾക്കാണ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടതെന്ന്‌  മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. കരിപ്പൂർ വിമാനത്താവള റൺവേ വികസനത്തിനായി ഉന്നതതല സമിതി നിർദേശിച്ച ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധപ്പെട്ട ജനപ്രതിനിധികളും പ്രദേശവാസികളും ഇതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണം.   ഭൂമി ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ നേരത്തെ നടത്തിയ യോഗത്തിലെ തീരുമാന പ്രകാരം ആരാധനാലയവും  ഖബർസ്ഥാനും റോഡും ഒഴിവാക്കി ശേഷിക്കുന്ന സ്ഥലം ഏറ്റെടുത്ത് കൈമാറിയാൽ മതിയെന്നാണ് എയർപോർട്ട് അതോറിറ്റി അറിയിച്ചിട്ടുള്ളത്. ഇത് പ്രകാരം 14.5 ഏക്കർ ഭൂമി ഏറ്റെടുത്താൽ മതിയാകും. ഇത് ഏറെ ആശ്വാസകരമാണ്. നേരത്തെ 18.5 ഏക്കറായിരുന്നു ഏറ്റെടുക്കേണ്ടിയിരുന്നത്. ദേശീയപാതാ വികസനത്തിനായി സ്ഥലം വിട്ടുനൽകിയവർക്ക് സർക്കാർ നൽകിയ അതേ പാക്കേജിൽതന്നെ കരിപ്പൂരിലും നഷ്ടപരിഹാരം നൽകും. ആരെയും തെരുവിലിറക്കുന്ന സമീപനം സർക്കാർ സ്വീകരിക്കില്ല. സാങ്കേതിക സമിതിയുടെ റിപ്പോർട്ട് പ്രകാരം വലിയ വിമാനം കരിപ്പൂരിൽ ഇറങ്ങാൻ റൺവേക്ക് ഇരു വശങ്ങളിലുമായി ഭൂമി ഏറ്റെടുക്കൽ അനിവാര്യമാണ്. വിമാനത്താവള റൺവേ വികസനം വേഗത്തിലാക്കിയാൽമാത്രമേ കരിപ്പൂരിലെ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് നിലനിർത്താനും സാധിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.  യോഗത്തിൽ എം പി അബ്ദുസമദ് സമദാനി എംപി, എംഎൽഎമാരായ ടി വി ഇബ്രാഹിം, പി അബ്ദുൽ ഹമീദ്, കെ പി എ മജീദ്, കൊണ്ടോട്ടി നഗരസഭാ അധ്യക്ഷ സി ടി ഫാത്തിമത് സുഹറാബി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സി മുഹമ്മദാലി, കൊണ്ടോട്ടി നഗരസഭാ കൗൺസിലർ കെ പി ഫിറോസ്, കലക്ടർ വി ആർ പ്രേംകുമാർ, എയർപോർട്ട് ഡയറക്ടർ എസ് സുരേഷ്, എഡിഎം എൻ എം മെഹറലി, പള്ളിക്കൽ പഞ്ചായത്ത് വാർഡ് അംഗങ്ങളായ ജമാൽ കരിപ്പൂർ, കെ നസീറ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ, മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News